
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിലെ ഒന്നര വയസുകാരന്റെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ രണ്ടാനച്ഛനായ അഷ്‌കറിനെതിരെ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, എസ്‌സി/ എസ്‌ടി അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും. അമ്മ അഖിലയും അറിഞ്ഞുള്ള മർദ്ദനമായിരുന്നതിനാൽ ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്തും. അഖിലയുമായുള്ള ബന്ധത്തിൽ കുഞ്ഞ് തടസമാണെന്ന കാരണത്താലാണ് അഷ്‌കർ ദിവസങ്ങളോളം അതിക്രൂരമായി കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞ് മരിച്ച ദിവസം നൃത്ത പരിപാടിക്കായി നാഗർകോവിലിലായിരുന്നു അഖില. ഇത് കൊലയ്ക്ക് സൗകര്യമൊരുക്കാനാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
കുഞ്ഞിനെ കൊലപ്പെടുത്താനായി അഷ്‌കർ മാസങ്ങൾ നീണ്ട ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. അഷ്‌കർ കുഞ്ഞിനെ വീടിന്റെ പടിക്കെട്ടിൽ തള്ളിയിട്ടതിനെത്തുടർന്നാണ് രണ്ട് കൈകളും ഒടിഞ്ഞത്. എന്നാൽ സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റുവെന്നാണ് അഷ്‌കറും അഖിലയും എല്ലാവരോടും പറഞ്ഞത്. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അഷ്‌കർ പ്ളാസ്റ്റർ അഴിച്ചുമാറ്റി. തുടർന്ന് കുഞ്ഞ് വേദനിച്ചുകരഞ്ഞപ്പോൾ മർദ്ദിച്ചു. മാസങ്ങൾക്കുമുൻപ് ഇയാൾ കുഞ്ഞിനെ ഒറ്റയ്ക്ക് സൺഷേഡിൽ നിർത്തിയിരുന്നു. ആളുകൾ ശ്രദ്ധിച്ചതോടെയാണ് മാറ്റിയതെന്ന് അയൽവാസി വെളിപ്പെടുത്തി. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് അഷ‌്‌കർ അഖിലയുടെ മാതാവിനോടും ഭീഷണിപ്പെടുത്തിയിരുന്നു.
അഷ്‌കറിന്റെ ആദ്യ ഭാര്യ ആമിനയുടെ സഹോദരന്റെ മരണത്തിൽ പ്രതിക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇത് കൂടാതെ അഷ്കറുമായി നേരത്തെ വിവാഹം നിശ്ചയിച്ചിരുന്ന ചിറയിൻകീഴ് സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തിൽ ഇയാളുടെ പങ്ക് പൊലീസ് പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |