SignIn
Kerala Kaumudi Online
Saturday, 12 September 2026 6.27 PM IST

മയക്കുമരുന്ന് കേസ്; മെഡിക്കൽ പരിശോധനയ്‌ക്കിടെ പൊലീസിനോട് തട്ടിക്കയറി സഞ്ജന ഗിൽറാണി, അന്വേഷണം കേരളത്തിലേക്കും

sanjana-gilrani

ബംഗളൂരു: മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിയുടെ മെഡിക്കൽ പരിശോധനയ്‌ക്കിടെ നടന്നത് നാടകീയ രംഗങ്ങൾ. നിയന്ത്രണംവിട്ട നടി പൊലീസിനോട് പലതവണ കയർത്തു. മെഡിക്കൽ പരിശോധന നടത്താൻ വിസമ്മതിച്ച നടി പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. പൊലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് പിന്നീട് സഞ്ജന അനുമതി നൽകിയത്. ശാസ്ത്രീയതെളിവെടുപ്പിന്റെ ഭാഗമായാണ് പരിശോധനയെന്ന് പൊലീസ് ഉദ്യോഗസ്ഥർ നടിയെ ബോദ്ധ്യപ്പെടുത്തി.

താൻ നിരപരാധിയാണെന്നും പൊലീസിൽ വിശ്വാസമില്ലെന്നും സഞ്ജന പറഞ്ഞു. പൊലീസ് തന്നെ ബലിയാടാക്കുകയാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. പരിശോധനയ്ക്ക് സമ്മതം നൽകാതിരിക്കാനുള്ള ഭരണഘടന അവകാശം തനിക്കുണ്ട്. ഇക്കാര്യം അഭിഭാഷകനും അറിയിച്ചിട്ടുണ്ടെന്നായിരുന്നു സഞ്ജനയുടെ പ്രതികരണം.

അതേസമയം ബംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും. ലഹരിക്കടത്തിന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ബന്ധമുള്ളതിനാലാണ് എൻഫോഴ്‌സ്‌മെന്റ് കേസെടുക്കാൻ തീരുമാനിച്ചത്. കേസ് രജിസ്റ്റർചെയ്യുന്നതിനാവശ്യമായ തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. സെൻട്രൽ ക്രൈം ബ്രാഞ്ചിൽ നിന്നാണ് തെളിവുകൾ ശേഖരിച്ചത്. ഇതര സംസ്ഥാനങ്ങളിലെ ലഹരിസംഘത്തിന്റെ സാമ്പത്തിക ഇടപടുകളിൽ അന്വേഷണം നടത്തുന്നതിന് സെൻട്രൽ ക്രൈംബ്രാഞ്ചിന് പരിമിതികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഏജൻസിക്ക് അന്വേഷണം കൈമാറാൻ തീരുമാനിച്ചത്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഭൂരിപക്ഷം പേർക്കും കേരളവുമായി ബന്ധമുണ്ട്. അറസ്റ്റിലായവരുടെ സംസ്ഥാനത്തെ ബന്ധം സംബന്ധിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻ.സി.ബി.) കൈമാറിയതോടെ അന്വേഷണം കേരളത്തിലേക്കും നീളും.

അറസ്റ്റിലായ നാലുപ്രതികളിൽ എറണാകുളം സ്വദേശി മുഹമ്മദ് അനൂപും തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഉൾപ്പെടും. ഇതിൽ മുഹമ്മദ് അനൂപിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ട്.

ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ച വ്യവസായിയും പ്രൊഡക്ഷൻ കമ്പനി ഉടമയുമായ വിരൺ ഖന്ന, ബിസിനസുകാരായ പ്രശാന്ത് രംഗ, രാഹുൽ ഷെട്ടി എന്നിവർ ലഹരിസംഘങ്ങൾക്ക് സാമ്പത്തികസഹായം നൽകിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബംഗളൂരുവിലെ മുതിർന്ന ഒരു എം.എൽ.എ.യുടെ സഹായിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകളിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SANJANA GILRANI, SANJANA MEDICAL TEST, BANGLORE POLICE, ANOOP MUHAMMADH, BINEESH KODIYERI, ENFORCEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY