ഇടുക്കി: ഭാര്യയെ കമ്പികൊണ്ട് ആക്രമിച്ചശേഷം ഭർത്താവ് സ്വയം നിറയൊഴിച്ച് മരിച്ചു. ഇടുക്കി കുഴിതൊള്ളുവിൽ ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ ശ്രീജയാണ് ആക്രമിക്കപ്പെട്ടത്. ശ്രീജയുടെ ജോലിസ്ഥലത്തെത്തിയാണ് ഭർത്താവായ സന്തോഷ് ആക്രമിച്ചത്.
രാവിലെ പോസ്റ്റ് ഓഫീസ് തുറക്കാനായെത്തിയ ശ്രീജയുടെ തലയ്‌ക്ക് പിന്നിലാണ് അടിയേറ്റത്. സമീപത്തുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും സന്തോഷ് കൈയിലുണ്ടായിരുന്ന തോക്ക് ചൂണ്ടി അവരെ അകറ്റിനിർത്തുകയായിരുന്നു. പിന്നാലെ സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്‌തു. ആക്രമണത്തിൽ തലയ്‌ക്ക് സാരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങളെതുടർന്നുള്ള വഴക്ക് നിലനിന്നിരുന്നതായാണ് പ്രാഥമിക വിവരം. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. വിരലടയാള വിദഗ്‌ദ്ധരടക്കമുള്ളവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നുണ്ട്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
In Idukki, a man named Santhosh died by suicide after shooting himself after critically injuring his wife, Sreeja, with an iron rod at her workplace.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |