
ഇടുക്കി: അടിമാലി പഞ്ചായത്തിലെ രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി അഞ്ച് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ദേവികുളം എൽ.എസ്.ജി.ഡി സബ് ഡിവിഷൻ മുൻ എക്സിക്യൂട്ടീവ് എൻജിനിയർ തിരുവനന്തപുരം കുമാരപുരം സ്വദേശി എസ്. രാജേന്ദ്രൻ (70), അടിമാലി സെക്ഷൻ മുൻ അസിസ്റ്റന്റ് എൻജിനിയർ പത്തനംതിട്ട കുറ്റൂർക്കര സ്വദേശി ജോസ് പി. മോസസ് (61), പദ്ധതി കൺവീനർ അടിമാലി ചുരക്കെട്ടാൻകുടി സ്വദേശി വീരൻ സുബ്രൻ (60) എന്നിവരെയാണ് ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജി. രാജേഷാണ് വിധി പറഞ്ഞത്. വിവിധ വകുപ്പുകളിലായി ആകെ അഞ്ച് വർഷം വീതം കഠിന തടവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിലുണ്ട്.
2010- 2011 കാലഘട്ടത്തിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ ചൂണ്ടക്കട്ടാൻകുടി എസ്.ടി കോളനിയിൽ 'രാജീവ് ഗാന്ധി നാഷണൽ ഡ്രിങ്കിംഗ് വാട്ടർ മിഷൻ" പദ്ധതിയുടെ നിർമ്മാണം കരാർ പ്രകാരം ഒരു കമ്മിറ്റിയെയാണ് ഏൽപ്പിച്ചിരുന്നത്. മേൽനോട്ട ചുമതല എക്സിക്യൂട്ടീവ് എൻജിനിയർ എസ്. രാജേന്ദ്രൻ, അസി. എൻജിനിയർ ജോസ് പി. മോസസ് എന്നിവർക്കായിരുന്നു. എന്നാൽ, കരാർ വ്യവസ്ഥകൾ പ്രകാരമുള്ള നിർമ്മാണം നടത്താതെ, പണി പൂർത്തിയായെന്ന് കാണിച്ച് തെറ്റായ അളവുകൾ എംബുക്കിൽ എഴുതിച്ചേർത്ത് ഫൈനൽ ബിൽ പാസാക്കി 1,15,825 രൂപ പ്രതികൾ പങ്കിട്ടെടുത്തെന്നാണ് കേസ്.
വിജിലൻസ് ഇടുക്കി യൂണിറ്റാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.എ. സരിത, എസ്. ദിവ്യ എന്നിവർ ഹാജരായി. വിജിലൻസ് ഇടുക്കി യൂണിറ്റ് മുൻ ഡിവൈ.എസ്.പിമാരായ കൃഷ്ണൻകുട്ടി, രതീഷ് കൃഷ്ണൻ, മുൻ ഇൻസ്‌പെക്ടർമാരായ സോം ജോസ്, സി.കെ. ബാബു എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |