SignIn
Kerala Kaumudi Online
Friday, 30 October 2026 4.33 AM IST

ലഹരി വില്പന സംഘത്തിന്റെ അതിക്രമം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച ശേഷം കാർ കത്തിച്ചു

READ ENGLISH VERSION
555

നെയ്യാറ്റിൻകര: പ്രസവത്തിനുശേഷം സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ ലഹരിവില്പന സംഘം തടഞ്ഞുനിറുത്തി വെട്ടിപ്പരിക്കേല്പിച്ചു. നെയ്യാറ്റിൻകര നടൂർക്കൊല്ല കളത്തറയ്ക്കൽ സ്വദേശി പ്രദീപിനെ (38) ഇന്നലെ പുല‌ർച്ചെ ഒന്നോടെയാണ് ആക്രമിച്ചത്.

ആളൊഴിഞ്ഞ പ്രദേശത്തുവച്ചായിരുന്നു അതിക്രമം. ആക്രമണത്തിന് ശേഷം യുവാവ് സഞ്ചരിച്ച കാർ ഇവർ അടിച്ചുതകർക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്‌തു. സുഹൃത്തിന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രദീപിനെ വഴിയിൽ തടഞ്ഞുനിറുത്തിയ ശേഷം കഴുത്തിന് വെട്ടാൻ ശ്രമിച്ചെങ്കിലും തടഞ്ഞതോടെ കൈകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷം നെഞ്ചിലും മുതുകിലും വെട്ടിപ്പരിക്കേല്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
അവിടെ നിന്ന് രക്ഷപ്പെട്ട പ്രദീപ് മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രദീപിന്റെ കൈകളിൽ നിരവധി തുന്നലുകളുണ്ട്. പൊലീസെത്തുമ്പോൾ കാർ ഭാഗികമായി കത്തിനശിച്ചിരുന്നു. പൊലീസ് മടങ്ങിയതിന് പിന്നാലെ അക്രമികൾ വീണ്ടുമെത്തി കാറിൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. റോഡിനോട് ചേർന്നുള്ള തേതൂർ കുളത്തിന് സമീപത്തായി സ്ഥിരമായി തമ്പടിക്കുന്ന ലഹരി-മദ്യപ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.

സ്‌കൂൾ കുട്ടികളെ വിളിക്കാൻ പോകുന്ന സ്ത്രീകളെയും അങ്കണവാടി അദ്ധ്യാപികയെയും ഉൾപ്പെടെ വഴിതടഞ്ഞ് അസഭ്യം പറയുന്നതും അപമര്യദയായി പെരുമാറുന്നതും ഇവിടെ പതിവാണ്. പ്രദേശത്തെ ലഹരിമാഫിയയ്‌ക്കെതിരെ പലതവണ പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY