
കൊച്ചി: കലൂരിൽ രണ്ട് പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അക്‌ബർ അലിയെ പിടികൂടാനായിട്ടില്ല. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്.
കലൂർ ജംഗ്‌ഷന് സമീപം ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കലൂരിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നവരാണ് പ്രതികളെന്നാണ് വിവരം. എട്ട് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമടങ്ങുന്ന സംഘം പെൺകുട്ടികളെ കമന്റടിക്കുകയായിരുന്നു. സംഘത്തിലെ പുരുഷന്മാരാണ് കമന്റടിച്ചത്. ഇവർ ലൈംഗികചേഷ്‌ട കാണിച്ചുവെന്നും പെൺകുട്ടികളുടെ പരാതിയിലുണ്ട്. ഇവർ ചോദ്യംചെയ്‌തതോടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. തുടർന്ന് പെൺകുട്ടികളുടെ കൈവശമുണ്ടായിരുന്ന ഫോൺ അക്രമിസംഘം പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു. ഒരു പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടുകയും ചെയ്‌തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒന്നാം പ്രതിയായ അക്‌ബർ അലിയുടെ ബിസിനസ് ഇടപാടുകളെക്കുറിച്ച് സംശയങ്ങൾ തോന്നുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കുറച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും ഡിസിപി പറഞ്ഞു. ആക്രമിക്കപ്പെട്ട പെൺകുട്ടികളും പ്രതികളും തമ്മിൽ യാതൊരു മുൻപരിചയവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |