SignIn
Kerala Kaumudi Online
Monday, 28 September 2026 11.53 AM IST

പഴകിയ ഭക്ഷണം വിളമ്പി ഹോട്ടലുകൾ നടപടിയെടുക്കാതെ നെയ്യാറ്റിൻകര നഗരസഭ

photo

നെയ്യാറ്റിൻകര: ഹോട്ടലുകളിൽ പഴകിയ ആഹാര സാധനങ്ങൾ വിൽക്കുന്നതറിഞ്ഞിട്ടും നടപടിയെടുക്കാതെ നെയ്യാറ്റിൻകര നഗരസഭ.നഗരസഭാ പരിധിയിൽ നൽകുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.നഗരസഭാ,ഗ്രാമപഞ്ചായത്ത്,താലൂക്കുതല,ആരോഗ്യവിഭാഗം ജീവനക്കാർ നിലവിലുണ്ടെങ്കിലും എല്ലാം നോക്കുകുത്തിയായി മാറി.ഹോട്ടലിൽ തോന്നിയ വിലയാണ് ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത്.സർക്കാരും അനുബന്ധ ഏജൻസികളും പരിശോധനകളും നടപടികളുമെടുക്കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.പരിശോധന കർശനമാക്കുമെന്ന് നെയ്യാറ്റിൻകര നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ സുരേഷ് അറിയിച്ചു.

പഴകിയ ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്നം

ദിവസങ്ങൾ പഴക്കമുള്ള വറുത്തയിറച്ചി,പലഹാരസാധനങ്ങൾ എന്നിവയാണ് വീണ്ടും ചൂടാക്കി നൽകുന്നത്.ഒരിക്കൽ വറുത്ത് കഴിഞ്ഞാൽ അത് വീണ്ടും വറുക്കാൻ പാടില്ലായെന്നാണ് വ്യവസ്ഥ.ഈ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഹോട്ടലുകാരും തട്ടുകടക്കാരും വീണ്ടും വറുത്ത് നൽകുന്നത്.ഭക്ഷണം ഇങ്ങനെ കഴിച്ചാൽ ക്യാൻസറിനുവരെ കാരണമാകുമെന്നിരിക്കേ ഇതൊന്നും പരിഗണിക്കാതെയാണ് നൽകുന്നത്.മാസത്തിലൊരിക്കലോ ആറുമാസം കൂടുമ്പോഴോ മാത്രമാണ് ഹോട്ടലുകളിൽ പരിശോധനകൾ നടക്കാറുള്ളത്.

പരിശോധനകൾ പ്രഹസനം മാത്രമാകുന്നു

ഹോട്ടലുകളിൽ പരിശോധനയ്ക്ക് എത്തുന്നതിന് മുൻപ് ചില ഉദ്യോഗസ്ഥർ വിവരങ്ങൾ കൈമാറുമെന്നുള്ള ആക്ഷേപവുമുണ്ട്. ഇതുകാരണം പരിശോധനകൾ പ്രഹസനമാവുകയാണ് പതിവ്.കോഴിയിറച്ചിയിലാണ് വലിയ തട്ടിപ്പ് നടക്കുന്നത്, തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന ചത്ത കോഴിയും ഹോട്ടലുകളിൽ തീൻ മേശയിലെത്താറുണ്ട്. സ്വാദും മണവും കാരണം ഉപഭോക്താക്കൾ ഓടിയെത്തും.ജീവനക്കാരുടെ ശമ്പള കുടിശ്ശിക മുടങ്ങുമ്പോഴും ഹോട്ടലുടമയുമായി പിണങ്ങുമ്പോഴുമാണ് വിവരങ്ങൾ പുറത്തുവരുന്നത്. തമിഴ്നാട്ടിൽ നിന്ന് കോഴി കൊണ്ടുവരുന്നതിൽ 10 ശതമാനം കോഴികളും വാഹനത്തിൽവച്ച് ചത്തുപോകാറുണ്ട്.ഇങ്ങനെ ചത്തകോഴികളെ തീൻമേശയിലെത്തിക്കുകയാണ് പതിവ്.

ഭക്ഷണത്തിൽ അജിനോമോട്ടോ ചേർക്കുന്നു

കോഴിയിറച്ചിയിൽ അജിനോമോട്ടോ കൂടി ചേർത്ത് കൂടുതൽ രുചികരമായി നൽകും.അജിനോമോട്ടോ ഉപയോഗിക്കാൻ പാടില്ലെങ്കിലും ചില ചൈനീസ് വിഭവങ്ങൾക്ക് ഉപയോഗിക്കാമെന്നു പറഞ്ഞാണ് ഇറച്ചികളിൽ ഇവ ചേർക്കുന്നത്. അജിനോമോട്ടോ ഭക്ഷണത്തിൽ ഉപയോഗിച്ചതിനാൽ വർഷങ്ങൾക്ക് മുൻപ് നഗരസഭ പിടികൂടിയ ഹോട്ടലുടമ ഇപ്പോഴും കോടതി കേറിയിറങ്ങുന്നുണ്ടെങ്കിലും അവയൊന്നും മാനിക്കാതെയാണ് പല ഹോട്ടലുകാരും ഈ പ്രയോഗം ഇപ്പോഴും തുടരുന്നത്. കോഴിയിറച്ചി വാങ്ങുന്ന ബില്ല് സൂക്ഷിക്കണമെന്ന നിയമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. രഹസ്യമായി ഫ്രീസറിൽ പഴകിയ സാധനങ്ങളാണ് സൂക്ഷിക്കുന്നത് ഇവ പിടികൂടാൻ നഗരസഭാ ജീവനക്കാർക്കാവില്ല. വലിയ ഹോട്ടലുകളിൽ ഇതിനുള്ള സംവിധാനങ്ങളുണ്ട്. പരിശോധന നടക്കുമ്പോൾ അടുക്കള ഭാഗം വൃത്തിയായി സൂക്ഷിക്കുന്നത് കണ്ട് ആരോഗ്യവിഭാഗം ജീവനക്കാർ മടങ്ങും. ആരെങ്കിലും ഒറ്റിയാൽ മാത്രമേ പിടിക്കപ്പെടാറുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY