
ഡോക്ടറുടെയും ഭാര്യയുടെയും പരാതികളിൽ രണ്ട് കേസ്
കൊച്ചി: ഗാർഹികപീഡന നിരോധന നിയമപ്രകാരം കോടതിയുടെ സംരക്ഷണ ഉത്തരവുമായി കഴിയുന്ന ഭാര്യയുടെ മൂക്ക് കടിച്ച് മുറിവേൽപ്പിക്കുകയും ചികിത്സയിലിരിക്കെ ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് ഭാര്യയെയും ഡോക്ടറെയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സൂപ്പർമാർക്കറ്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ നടമ ചൂരക്കാട് മധുരനിവാസിൽ എസ്. നിർമ്മൽകുമാറാണ് (47) ഭാര്യയുടെയും ഡോക്ടറുടെയും പരാതികളിൽ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്.
നിരന്തര ദേഹോപദ്രവത്തെ തുടർന്ന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചാണ് ഭാര്യ സംരക്ഷണ ഉത്തരവ് നേടിയത്. ഭാര്യ സ്വത്തുക്കൾ വിറ്റ് കാശ് നൽകണമെന്നതായിരുന്നു ഇയാളുടെ ആവശ്യം.
വീട്ടിൽ പ്രവേശിക്കാൻ കോടതി ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് 12ന് രാത്രി വീട്ടിലെത്തിയ പ്രതി ഭാര്യയെ കമ്പിവടിയും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് കൈകാലുകളിൽ അടിച്ച് പരിക്കേൽപ്പിച്ച ശേഷം മൂക്കിൽ കടിച്ചു. കഴുത്തിലും വയറ്റത്തും കത്തിവച്ച് വധഭീഷണി മുഴക്കി 13ന് രാവിലെ സ്ഥലം വിട്ടു.
മൂക്കിനേറ്റ പരിക്കുമായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ 14ന് പകൽ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ അതിക്രമിച്ച് കയറി അസഭ്യം പറയുകയും കേസ് കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. 15ന് ഉച്ചയ്‌ക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി ബഹളമുണ്ടാക്കി. ശബ്ദം കേട്ടെത്തിയ ഭാര്യയെ വട്ടം ചുറ്റിപ്പിടിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതിയോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട ഡോ. കാർത്തിക് ബാലചന്ദ്രന് നേരെയായിരുന്നു കൈയേറ്റ ശ്രമം. ഡോക്ടറെ അസഭ്യം പറഞ്ഞാണ് മടങ്ങിയത്. ഡോക്ടറുടെ പരാതിയിൽ ആരോഗ്യപ്രവത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകുന്ന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഭാര്യയുടെ പരാതിയിൽ ഗുരുതരമായി ആക്രമിച്ചതിനും കോടതി വിധി ലംഘിച്ചതിനും വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |