
വെള്ളറട: റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പ്രതികൾ റിമാൻഡിൽ. പുതുകളങ്ങര കൊറ്റമല ഷാഹിദ മൻസിലിൽ ഷാജഹാൻ (46), കർണാടക ചാമരാജ് നഗർ കലോനിയിൽ ഇഡിർഖാൻ (40),ചാമരാജ് നഗർ സ്വദേശി നൂറുള്ള (40), നെടുമങ്ങാട് ഉഴമലയ്ക്കൽ കുളപ്പട ഖജീദ മൻസിലിൽ ഷബീർ (42) എന്നിവരെയാണ് നെയ്യാറ്റിൻകര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പൊലീസ് നിരീക്ഷണത്തിലുള്ള വിളപ്പിൽശാല സ്വദേശി നിസാബുദ്ദീൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബാലരാമപുരം സ്വദേശിയായ റിസോർട്ട് ഉടമ ആര്യനാട് ശ്യാം,ഇയാൾക്കൊപ്പമുണ്ടായിരുന്ന എൻജിനിയർ ആന്റണി സേവ്യർ എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.
സുഹൃത്തുക്കളായ ശ്യാമും കേസിലെ ഒന്നാം പ്രതി ഷാജഹാനും വിവിധ കച്ചവടങ്ങൾ നടത്തിയിരുന്നു. ഇവർ തമ്മിലുള്ള സാമ്പത്തിക തർക്കമാണ് മർദ്ദനത്തിലും തട്ടിക്കൊണ്ടുപോകലിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് തേക്കുപാറ കൊണ്ടകെട്ടി മലയിൽ ശ്യാം പുതുതായി പണികഴിപ്പിക്കുന്ന ഹിൽസ് ഹോം റിസോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകവെ, രണ്ട് ആഡംബര വാഹനങ്ങളിലെത്തിയ സംഘം ശ്യാമിനെ മാരകമായി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ശേഷം ശ്യാമിനെയും ആന്റണിയെയും തട്ടിക്കൊണ്ടുപോയി.എന്നാൽ ഇവരുടെ പ്ളാനിൽ ഉദ്ദേശിച്ച റൂട്ട് തെറ്റിയതോടെ പൊലീസിന് പ്രതികളെ കണ്ടെത്താനും ശ്യാമിനെയും ആന്റണിയെയും രക്ഷിക്കാനും സഹായകമായി. തേക്കുപാറയിൽ നിന്ന് നേരെ കൂട്ടപ്പുവഴി തമിഴ്നാട് കറ്റുവവഴി മൈസൂരിലേക്ക് കൊണ്ടുപോകുന്നതിനാണ് കർണാടകയിൽ നിന്ന് ആളുകളുമായെത്തിയത്.
വിവരം ലഭിച്ച പൊലീസ് മറ്റു പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയും തുടർന്ന് ആര്യങ്കോട് എസ്.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായി പ്രതികളെ പിടികൂടുകയുമായിരുന്നു. രാത്രി തന്നെ കിഴക്കേകോട്ടയിൽ റൂറൽ എസ്.പി പ്രശാന്തൻകാണിയുടെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരുവാഹനത്തിൽ നിന്ന് ഷബീറിനെയും പിടികൂടി. അപ്പോഴാണ് നിസാബുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലുള്ള വിവരമറിയുന്നത്.
ഏറെനാളായി ഷാജഹാൻ മൈസൂറിൽ ക്വാറി നടത്തിവരികയാണ്. മർദ്ദനമേറ്റ ശ്യാം ആര്യനാട്,ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിലായി 15 ഓളം കേസുകളിലെ പ്രതിയാണ്. ഷാജഹാന് ആര്യനാട് പൊലീസ് സ്റ്റേഷനിലും,ഷബീറും ആശുപത്രിയിൽ ചികിത്സയിലുള്ള നിസാബുദ്ദീനും വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് സയിന്റിഫിക് വിദഗ്ദ്ധരുമായെത്തി വിശദമായ തെളിവുകൾ ശേഖരിച്ചു. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തിയാൽ മാത്രമെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി സ്റ്റുവർട്ട് കിലർ പറഞ്ഞു. വെള്ളറട സി.ഐ ശ്രീകുമാർ,എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |