
കൊച്ചി: കോളേജിലെ വിദ്യാർത്ഥിനികളുടേയും അദ്ധ്യാപികമാരുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലിഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിൽ വിദ്യാർത്ഥി പ്രചരിപ്പിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. തൃക്കാക്കര അസി. കമ്മിഷണർ സി.കെ.ബിജോയ് ചന്ദ്രനാണ് എസ്.ഐ.ടിയുടെ മേൽനോട്ടച്ചുമതല. തൃക്കാക്കര എസ്.എച്ച്.ഒ അടങ്ങുന്ന എട്ടംഗ സംഘത്തിൽ സൈബർ സെല്ലിലെയും സൈബർ ഡോമിലെയും വിദഗ്ദ്ധരുമുണ്ട്.
കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃക്കാക്കര ഭാരത മാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയും കെ.എസ്.യു മീഡിയാസെൽ കൺവീനറുമായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ശ്രീഹരിയെ റിമാൻഡ് ചെയ്തു. കോളേജിലെ മൂന്ന് അദ്ധ്യാപികമാരുടെ ചിത്രങ്ങൾ ഇയാൾ മോർഫ് ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ മൂന്ന് സുഹൃത്തുക്കളും അന്വേഷണ പരിധിയിലുണ്ട്.
മോർഫിംഗ് നടത്തി ദൃശ്യങ്ങൾ വിൽക്കുന്നതിൽ ശ്രീഹരിക്ക് കൂടുതൽപേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. പണമിടപാടിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കി. കെ.എസ്.യുവിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കി.
25കാരിയുടെ ചിത്രങ്ങൾ
ടെലിഗ്രാം ഗ്രൂപ്പിൽ
25കാരിയുടെചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചതായി പരാതി. കടവന്ത്രയിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശിനിയാണ് പൊലീസിനെ സമീപിച്ചത്. ഈ സംഭവത്തിന് തൃക്കാക്കര കോളേജിലെ കേസുമായി ബന്ധമില്ല. പരാതിക്കാരിയുടെ ഇൻസ്റ്റഗ്രാമിൽനിന്നും അടുത്ത ബന്ധുവിന്റെ മെയിലിൽനിന്നും ശേഖരിച്ച ചിത്രങ്ങളാണ് മോർഫ് ചെയ്തത്. സംഭവത്തിൽ യുവതിയുടെ അടുത്ത ബന്ധുവിനെ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കടവന്ത്ര പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |