SignIn
Kerala Kaumudi Online
Monday, 07 September 2026 1.45 AM IST

ആരാധനാലയങ്ങൾ കൊള്ളയടിക്കുന്ന മോഷണസംഘം പിടിയിൽ; കവർച്ച ഓൺലൈൻ ടാക്‌സി കാർ ഉപയോഗിച്ച്

prathikal
അമരംകാവ് ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ

തൊടുപുഴ: സംസ്ഥാനത്തെമ്പാടുമുള്ള ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ മൂന്ന് പേ‌‌‌ർ പിടിയിൽ. ഓൺലൈൻ ടാക്സി കാർ ഉപയോഗിച്ചായിരുന്നു മോഷണം. പെരുമ്പാവൂരിൽ താമസക്കുന്ന അസം സ്വദേശി അമീർ ഹംസ (26),ഓൺലൈൻ ടാക്സി ഡ്രൈവർ കണ്ണൂർ തളിപ്പറമ്പ് കൂട്ടുമുഖം വലിയവളപ്പിൽ വീട്ടിൽ ഉബൈദ് (38),മോഷണ മുതൽ വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്ത് പറമ്പിൽ വീട്ടിൽ റസാഖ് (അനസ്- 54) എന്നിവരാണ് പിടിയിലായത്.

സംഘത്തിൽപ്പെട്ട ബംഗാൾ സ്വദേശിയായ സുമീർ എന്നയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. മൂന്നിന് രണ്ടാം വട്ടവും കോലാനി അമരംകാവ് ദേവീക്ഷേത്രത്തിലെ മോഷണത്തെ തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്. ക്ഷേത്രത്തിൽ മേയ് 31ന് അർദ്ധരാത്രിക്കും ജൂൺ ഒന്നിന് പുലർച്ചയ്ക്കുമിടയിലാണ് ആദ്യ മോഷണം നടന്നത്.

അന്ന് മൂന്ന് ഭണ്ഡാരക്കുറ്റികളുടെ താഴ് തല്ലിപ്പൊട്ടിച്ച് 15,000 രൂപയോളം കവർന്നു. മൂന്നിന് ഇവിടെ തന്നെ രണ്ടാമത് നടന്ന മോഷണത്തിൽ 60 ഓടിന്റെ നിലവിളക്കുകൾ,രണ്ട് ഉരുളികൾ,രണ്ട് തൂക്കുവിളക്കുകൾ എന്നിവ മോഷണം പോയി.​ 70,000 രൂപ വിലമതിക്കുന്ന ഭണ്ഡാരക്കുറ്റികളും തകർത്തു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രണ്ട് കാറുകൾ കണ്ടെത്തിയിരുന്നു. ഇതിലൊന്ന് സ്ഥിരമായി ഓൺലൈൻ ടാക്സിക്കായി ഓടുന്ന കാറാണെന്ന് വ്യക്തമായതോടെ അന്വേഷണം ഡ്രൈവർ ഉബൈദിലേക്ക് എത്തി. തുടർന്ന് എറണാകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.

ഓൺലൈൻ ടാക്സി കാർ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘം ആദ്യമായാണ് സംസ്ഥാനത്ത് പിടിയിലാകുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം അറിയിച്ചു. എറണാകുളം,ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം പോയ എല്ലാ സാധനങ്ങളും തമ്മനത്തുള്ള അനസിന്റെ കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പട്ടാമ്പി സ്വദേശിയാണ് അനസിന്റെ കടയിൽ നിന്ന് എല്ലാ മോഷണമുതലുകളും വാങ്ങിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEFT, LATESTNEWS, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY