
കോഴിക്കോട്: 2024ലെ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച കേസിൽ സി.പി.എം നേതാക്കൾ അറസ്റ്റിൽ. ഫറോക്ക് സ്വദേശിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എം.ഗിരീഷ് , എലത്തൂർ ബ്രാഞ്ച് കമ്മിറ്റിയംഗവും എലത്തൂർ സ്വദേശിയുമായ സി.പി.ജലീൽ എന്നിവരെയാണ് മെഡി. കോളേജ് അസി.കമ്മിഷണർ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വധശ്രമമുൾപ്പെടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
മറ്റ് പ്രതികളായ രാജേഷ്, സനൂപ്, മുഹമ്മദ് ഷഫീഖ് എന്നിവരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 2024 നവംബർ 16ന് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.കെ.രാഘവൻ എം.പിയെയും കോൺഗ്രസ് നേതാക്കളെയും മർദ്ദിക്കുന്ന വിവരമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകൻ സിറാജുദ്ദീനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്‌തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ അക്രമസംഭവങ്ങളെക്കുറിച്ചും പൊലീസിന്റെ വീഴ്ച സംബന്ധിച്ചും അന്വേഷിക്കാനായി പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്നാണ് രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ നടപടിയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |