
നെടുങ്കണ്ടം: പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവച്ച് മരിച്ചു. കമ്പംമെട്ട് നെറ്റിത്തൊഴു കരോട്ട് മഴുവൻചേരിൽ സന്തോഷാണ് (50) മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ ശ്രീജ (38) കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് ശ്രീജ. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും രണ്ടു വർഷത്തിലധികമായി അകന്നു കഴിയുകയായിരുന്നു. രാവിലെ ജോലിക്കായി ഓഫീസിലെത്തിയ ശ്രീജയ്ക്ക് മുന്നിൽ കമ്പിപ്പാരയുമായെത്തിയ സന്തോഷ് വാക്കേറ്റത്തിലേർപ്പെട്ട ശേഷം ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ ശ്രീജയ്ക്ക് തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റു. ശ്രീജയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും സന്തോഷ് പോക്കറ്റിൽ കരുതിയിരുന്ന കൈത്തോക്ക് പുറത്തെടുത്തതോടെ നാട്ടുകാർ പിൻമാറി. ഉടൻ തന്നെ ഇയാൾ തോക്ക് ഉപയോഗിച്ച് ചെവിക്ക് പിന്നിൽ സ്വയം വെടിയുതിർക്കുകയായിരുന്നു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റു മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ശ്രീജയെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്തോഷിന് ലൈസൻസില്ലാത്ത റിവോൾവർ എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന കുടുംബവഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |