
കൊച്ചി: പൊലീസ് സ്റ്റേഷനിൽനിന്ന് രാസലഹരി മോഷ്ടിച്ചതിന് അറസ്റ്റിലായ എസ്.ഐ അനസ് എസ് തൗഫീക്കിന്റെ രക്തസാമ്പിളുകൾ ലഹരി പരിശോധനയ്ക്കായി ശേഖരിച്ചു. ആശുപത്രി ജീവനക്കാരും പൊലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് രക്തംശേഖരിച്ചത്. വൈകിട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തസാമ്പിളുകൾ നൽകാൻ വിസമ്മതിച്ചതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം അനസുമായി പൊലീസ് മടങ്ങി. രാസലഹരിക്കേസിൽ പ്രതിയുടെ അനുമതി ഇല്ലാതെതന്നെ രക്തംശേഖരിക്കാൻ സാധിക്കുമെന്നതിനാൽ ഉച്ചയോടെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. തുടർന്നും വിസമ്മതിച്ചതോടെയാണ് ബലംപ്രയോഗിച്ച് ശേഖരിച്ചത്.
ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് 40ലക്ഷംരൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നാണ് പ്രതിയുടെ മൊഴി. എസ്.ഐ നിയമനം കിട്ടുംമുമ്പ് സിവിൽ പൊലീസ് ഓഫിസറായി ജോലി ചെയ്യുമ്പോഴാണ് ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപിച്ചത്. അനസിന്റെ പ്രേരണയിൽ നിരവധി പൊലീസുകാരും മുതൽമുടക്കിയിരുന്നു. ട്രേഡിംഗ് പൊളിഞ്ഞതോടെ നിക്ഷേപം നടത്തിയവർ പണം തിരികെ ആവശ്യപ്പെട്ട് അനസിനെ സമീപിച്ചു. ഇതോടെയാണ് ഇയാൾ കടക്കെണിയിലായത്.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എസ്.ഐയായിരുന്ന അനസ് എസ് തൗഫീക്ക് 16നാണ് തൊണ്ടിമുറിയിൽനിന്ന് 87ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുപോയത്. വിവരം പുറത്തായപ്പോൾ 26ന് രാസലഹരി സ്റ്റേഷനിൽ തിരിച്ചേൽപ്പിച്ചു. ഇത് തൂക്കിയപ്പോൾ 202 ഗ്രാമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സസ്പെഷനിലായ എസ്.ഐയെ വ്യാഴാഴ്‌ചയാണ് അറസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |