
ആലുവ: ശ്രീമൂലനഗരം കൂവപ്പാടത്തുനിന്ന് എക്സൈസ് സംഘം ഒന്നരക്കോടിയിലേറെ രൂപയുടെ സ്പിരിറ്റ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാൾ കഴിഞ്ഞരാത്രിയിൽ വീട്ടിലെത്തിയതായി സൂചന. വേഷംമാറി അർദ്ധരാത്രിയോടെ വീട്ടിലെത്തിയ മലയറ്റൂർ സ്വദേശി അമൽ ആന്റണി മാതാവിനെ കണ്ടശേഷം മുങ്ങുകയായിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഇതേ സംഘത്തിൽപ്പെട്ട ചിലരുടെ സഹായത്തോടെയാണ് ഇയാൾ വീട്ടിലെത്തി മടങ്ങിയതെന്നാണ് വിവരം.
കഴിഞ്ഞ 27ന് രാത്രിയാണ് എക്സൈസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട ആലുവ സി.ഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്നത്. 35 ലിറ്ററിന്റെ 607 കന്നാസുകളിലായി 20,638 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്നും പിടിയിലായ ചൊവ്വര എടനാട് പരിപ്പിള്ളിവീട്ടിൽ പി.ഡി. തോമസ് (53) റിമാൻഡിലാണ്.
അമൽ ആന്റണിക്ക് പുറമെ ശ്രീമൂലനഗരം സ്വദേശി നവാസ് (45), ശ്രീഭൂതപുരം സ്വദേശി റെജോ എന്നിവരും കേസിൽ പ്രതികളാണ്. സ്പിരിറ്റ് ഗോഡൗൺ പ്രവർത്തിച്ച ഭൂഉടമയായ ഷീജയും ഒളിവിലാണ്. കേസിലെ പ്രതിയായ നവാസിന്റെ ഭാര്യയായ ഷീജയെ ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |