SignIn
Kerala Kaumudi Online
Saturday, 12 September 2026 4.50 PM IST

കുഞ്ഞ് മരിച്ചുപോകാനുള്ള സാദ്ധ്യതയുണ്ടായിരുന്നു, പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്

READ ENGLISH VERSION
hassan

തിരുവനന്തപുരം: ചാക്കയിൽ നാടോടിസംഘത്തിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കുഞ്ഞ് മരിച്ചുപോകാനുള്ള സാദ്ധ്യതയുണ്ടായിരുന്നുവെന്ന ഗുരുതരമായ വിലയിരുത്തലാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടതിനാൽ ഭയം കാരണം കുഞ്ഞിന് ന്യൂറോജനിക് ഷോക്ക് സംഭവിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പ്രതി ഹസൻകുട്ടിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. കരഞ്ഞ് ഒച്ചവെച്ച കുട്ടിയുടെ വായും മൂക്കും പ്രതി കൂട്ടിപ്പിടിച്ചതിനാൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നു എന്നതിലാണ് പ്രതിക്കെതിരേ വധശ്രമക്കുറ്റംകൂടി ചുമത്തിയത്. നിർജലീകരണം കാരണം കുട്ടിയുടെ ശരീരത്തിൽ ക്രിയാറ്റിൻ, യൂറിയ ലെവൽ കൂടിയിരുന്നതിനാൽ കുട്ടിയുടെ വൃക്കയ്ക്കു തകരാർ സംഭവിച്ച് മരിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെടുമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുഞ്ഞിനെ കുറ്റിക്കാട്ടിലെ ഓടയിൽ ഉപേക്ഷിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചാക്കയ്ക്ക് സമീപം ഉറങ്ങിക്കിടന്ന രണ്ടു വയസുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി 13-ാംനാളാണ് പിടിയിലായത്. ക്രിമിനൽകേസുകളിൽ പ്രതിയും വർക്കല അയിരൂർ സ്വദേശിയുമായ ഹസൻകുട്ടി എന്ന കബീറിനെ (52) ഞായറാഴ്‌ച പുലർച്ചെ കൊല്ലം ചിന്നക്കടയിൽ വച്ച് തിരുവനന്തപുരം ഡി.സി.പി നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘമാണ് പിടികൂടിയത്.

2022 ജനുവരിയിൽ അയിരൂരിൽ 11വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഈ ജനുവരി 12നാണ് ജാമ്യത്തിലിറങ്ങിയത്. സി.സി ടിവി ദൃശ്യങ്ങളും ജയിലിൽ നിന്നു ലഭിച്ച സൂചനകളുമാണ് പ്രതിയെ പിടികൂടാൻ തുണയായത്. വാഹന മോഷണം, ഭവന ഭേദനം അടക്കം എട്ട് കേസുകളിൽ പ്രതിയാണ്. സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്റെയും തുടർന്ന് എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാറിന്റെയും നേതൃത്വത്തിൽ 10 മണിക്കൂർ ചോദ്യം ചെയ്തശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

വധശ്രമം, പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഫെബ്രുവരി 19നാണ് ഓൾസെയിൻസ് കോളേജിന് സമീപം മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. 19 മണിക്കൂർ നീണ്ട തെരച്ചിലിൽ കൊച്ചുവേളി റെയിൽവേ പാളത്തിന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PETTA KIDNAPPING, POLICE, REMAND REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY