SignIn
Kerala Kaumudi Online
Sunday, 18 October 2026 3.48 AM IST

തല്ലാനായി ചുറ്റും വളഞ്ഞ് നാട്ടുകാർ, തൊട്ടാൽ കേസെടുക്കുമെന്ന് പൊലീസ്; കണ്ണൂരിൽ കിടപ്പുമുറിയിൽ ഒളിഞ്ഞ് നോക്കാൻ ശ്രമിച്ച മദ്ധ്യവയസ്കനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ, വീഡിയോ

kannur

കണ്ണൂർ: നവദമ്പതികളുടെ കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കാനായി എത്തിയ 55കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ ടൗണിലാണ് സംഭവമുണ്ടായത്. ഏറെ കൗതുകകരമായ രീതിയിലാണ് ഇയാൾ പിടിയിലാകുന്നത്. പാലക്കാട് ഷൊർണൂരിൽ വച്ച് വിവാഹിതരായ ദമ്പതികൾ എത്തുന്നതിനും ഏറെ മുമ്പേ തന്നെ ഇയാൾ ഇവരുടെ കിടപ്പുമുറിക്ക് മുകളിലായി സ്ഥാനം പിടിച്ചിരുന്നു. ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമായിരുന്നു ഇത്.

രണ്ട് ദിവസത്തോളമായി അടഞ്ഞു കിടന്ന വീടിന്റെ കിടപ്പുമുറിക്ക് സമീപമായി ഇയാൾ ഒരു ഏണിയും ആരും കാണാതെ ഒളിപ്പിച്ചിരുന്നു. ഏണിയിൽ കയറി കിടപ്പുമുറിക്ക് മുകളിലായി ഇരിപ്പുറപ്പിച്ചു. രാത്രി പത്ത് മണിയോടെ ലൈറ്റുകൾ അണയ്ക്കണമെന്ന് അടുത്ത വീട്ടുകാരെ ചട്ടം കെട്ടിയതിന് ശേഷമാണ് ഇയാൾ കിടപ്പുമുറിക്ക് മുകളിൽ കയറിപറ്റിയത്.

എന്നാൽ വിവാഹം കഴിഞ്ഞ് ദമ്പതികൾ എത്താൻ വൈകിയതോടെയാണ് ഇയാളുടെ കണക്കുകൂട്ടലുകൾ പിഴച്ചത്. ഒടുവിൽ ക്ഷമ നശിച്ചതോടെ മദ്ധ്യവയസ്കൻ കിടപ്പുറിക്ക് മുകളിൽ ഇരുന്ന് ഉറങ്ങാൻ ആരംഭിച്ചു. ഉറക്കത്തിന് അകമ്പടിയായി ഉച്ചത്തിലുള്ള കൂർക്കംവലിയുമുണ്ടായിരുന്നു.

ഈ സമയം കൊണ്ട് വീട്ടിലെത്തിയ ദമ്പതികൾ ഇയാളുടെ കൂർക്കംവലി കേട്ട് അന്വേഷണം നടത്തിയപ്പോഴാണ് കിടപ്പുമുറിക്ക് മുകളിൽ സുഖനിദ്ര‌യിലാണ്ടിരിക്കുന്ന മദ്ധ്യവയസ്കനെ കണ്ടെത്തുന്നത്. ഒട്ടും വൈകാതെ തന്നെ വധു ഇക്കാര്യം വീടിനടുത്തുള്ളവരെ അറിയിക്കുകയും നാട്ടുകാരെത്തി ഇയാൾ മുകളിലേക്ക് കയറാൻ ഉപയോഗിച്ച ഏണി എടുത്തുമാറ്റുകയും ചെയ്തു.

ഇതോടെ വീടിന്റെ മുകളിൽ പെട്ടുപോയ ഇയാളെ ഒടുവിൽ പൊലീസ് വന്നാണ് താഴെയിറക്കിയത്. ഇയാളെ പൊലീസ് താഴെയിറക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മദ്ധ്യവയസ്കനെ ആരും കൈയ്യേറ്റം ചെയ്യാൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസുകാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

ഇതിനു മറുപടിയായി 'അങ്ങനെയായിരുന്നെങ്കിൽ ഞങ്ങൾക്കത് മുമ്പേ ആവാമായിരുന്നു' എന്ന് ചുറ്റും കൂടിയ നാട്ടുകാരിൽ ഒരാൾ പറയുകയും ചെയ്യുന്നുണ്ട്. മദ്ധ്യവയസ്കനെതിരെ വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KERALA, KANNUR, INDIA, PEEPING TOM, KERALAM, PERVERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY