
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ രാസലഹരിയുമായി ആറുപേർ പിടിയിലായി. ആൾത്താമസമില്ലാത്ത വീട്ടുമുറ്റത്ത് നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു.
ചെങ്ങമനാട് 1.96ഗ്രാം രാസലഹരിയുമായി കരുമാലൂർ തടിക്കടവ് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിം (37), കരുമാലൂർ വല്യപ്പൻപടി മേപ്പന വീട്ടിൽ ബിനു ആന്റണി (37) എന്നിവർ ചെങ്ങമനാട് പൊലീസിന്റെ പിടിയിലായി. സിപ്പ്കവറിൽ വില്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവരെ പിടികൂടിയത്. പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി കണ്ടെത്തിയത്. പറമ്പയം ഭാഗത്ത് പാർക്കുചെയ്ത കാറിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. കാറും കസ്റ്റഡിയിലെടുത്തു.
വൈപ്പിൻ കാളമുക്കിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങൽവീട്ടിൽ അഥീനിൽനിന്ന് (25) 3.450ഗ്രാം എം.ഡി.എം.എ ഞാറക്കൽ പൊലീസ് പിടികൂടി. ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ച നിലയിലായിരുന്നു.
എടയാറിൽ മൂന്നുഗ്രാം എം.ഡി.എം എയുമായി ബിനാനിപുരം എടയാർ ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34), എരമം കേളന്റെ പറമ്പിൽ അബ്ദുൽ മുഹാദ് (34) എന്നിവരെ ബിനാനിപുരം പൊലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് സാലിക്കിന്റെ എടയാറുള്ള വീട്ടിൽനിന്നാണ് രാസലഹരി പിടികൂടിയത്. അലമാരിയിൽ പ്രത്യേക കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഇയാൾക്ക് എം ഡി എം എ നൽകിയത് അബ്ദുൽ മുഹാദാണെന്ന് പൊലീസ് പറഞ്ഞു.
ഹെറോയിനുമായി അസാം നൗഗോൺ സ്വദേശി സദ്ദാം ഹുസൈനെ (25) കുറുപ്പുംപടി പൊലീസ് പിടികൂടി. മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽനിന്നാണ് ഒരു സോപ്പുപെട്ടി നിറയെ ഹെറോയിൻ കണ്ടെത്തിയത്. പെരുമ്പാവൂരിൽ 4.5 ഗ്രാം കഞ്ചാവുമായി മറ്റൊരാളും പിടിയിലായി.
അയ്യമ്പുഴയിൽ പോസ്റ്റോഫീസിന് സമീപം ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ നിന്നാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി കെ എസ്. സുദർശന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടരുകയാണ്. വാഹന പരിശോധനയും നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |