കൊച്ചി: നിരോധിത മേഖലയായ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ മൊബൈൽ ഫോൺ
ഉപയോഗത്തെച്ചൊല്ലി ഡ്രൈവർമാർ തമ്മിൽ പോര്. അടികലശൽ മൂത്തപ്പോൾ തിരിച്ചറിയൽ കാർഡിന്റെ വള്ളി ഉപയോഗിച്ച് സഹപ്രവർത്തകന്റെ കഴുത്ത് മുറുക്കിയ നായരമ്പലം സ്വദേശിയായ ഡ്രൈവർക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തു.
ടെർമിനലിന് അകത്ത് കണ്ടെയ്നർ നീക്കത്തിന് ഡി.പി വേൾഡ് നിയമിച്ച ഡ്രൈവർമാരാണ് ഏറ്റുമുട്ടിയത്. തന്ത്രപ്രധാന മേഖലയായ ടെർമിനലിൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമുണ്ട്. അതിനാൽ രഹസ്യമായിട്ടാണ് ഡ്രൈവർമാർ ഫോൺ ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം ടെർമിനൽ സേഫ്റ്റി ഓഫീസർ വിളിച്ച യോഗത്തിൽ ഫോൺ ഉപയോഗം ചർച്ചയായി. സഹപ്രവർത്തകർ ഫോൺ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയത് കുഴുപ്പള്ളി സ്വദേശിയായ ഡ്രൈവറാണ്.
പിന്നീട് നടന്ന മിന്നൽ പരിശോധനയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു ഡ്രൈവറെ അധികൃതർ കൈയോടെ പിടികൂടി. സ്ഥിരമായി ഫോൺ ഉപയോഗിക്കാറുള്ള പ്രതിയെ കുപിതനാക്കിയതും ഇതാണ്. വ്യാഴാഴ്ച രാവിലെ ടെർമിനലിന്റെ പ്രധാന ഗേറ്റിൽ നിന്ന് അകത്തെ ജോലിസ്ഥലത്തേക്ക് ഷട്ടിൽ ബസ് കയറിയ പ്രതി കുഴുപ്പള്ളി സ്വദേശിയായ ഡ്രൈവറെ കണ്ടപ്പോൾ പ്രകോപിതനായി. ഫോൺ വിളി ചോർത്തിയതിന്റെ വൈരാഗ്യത്തിന് ഡ്രൈവറുടെ കഴുത്തിൽ കിടന്ന തിരിച്ചറിയൽ കാർഡിന്റെ വള്ളിയിൽ പിടിച്ച് നിറുത്തി അസഭ്യം പറഞ്ഞു. തുടർന്ന് കൈകൊണ്ട് ഇടിക്കാൻ തുടങ്ങി. കൈയാങ്കളിക്കിടെയാണ് വള്ളി ഉപയോഗിച്ച് കഴുത്തിന് ചുറ്റിപ്പിടിച്ചത്. മറ്റ് ഡ്രൈവർമാർ ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി.
നാല് വകുപ്പുകൾ ചുമത്തി കേസെടുത്ത വിവരമറിഞ്ഞതോടെ സംഭവത്തിൽ തനിക്ക് പരിക്കേറ്റതായി പറഞ്ഞ് പ്രതി ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |