SignIn
Kerala Kaumudi Online
Friday, 31 July 2026 5.07 PM IST

വിവാഹമോചിതയായ ശ്രീക്കുട്ടി അജ്മലിനെ പരിചയപ്പെട്ടത് ആറ് മാസം മുമ്പ്, അപകടം സുഹൃത്തിന്റെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ

READ ENGLISH VERSION
crime

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (29) ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീക്കുട്ടി (27) എന്നിവരാണ് പ്രതികള്‍. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാത്രി തന്നെ ഇരുവരേയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരിചയം ആറ് മാസം മുമ്പ്

വിവാഹമോചിതയായ ശ്രീക്കുട്ടിയും അജ്മലും തമ്മില്‍ പരിചയപ്പെട്ടത് ആറ് മാസം മുമ്പാണ്. ആശുപത്രിയില്‍ വച്ചായിരുന്നു പരിചയത്തിലായത്. താന്‍ ഒരു നൃത്താദ്ധ്യാപകനാണെന്നാണ് ബന്ധം സ്ഥാപിക്കുന്നതിനായി അജ്മല്‍ ശ്രീക്കുട്ടിയോട് പറഞ്ഞത്. ഇരുവരും തമ്മില്‍ അധികം വൈകാതെ തന്നെ നല്ല സൗഹൃദത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് നൃത്തപഠനത്തിന് പോകുകയും ചെയ്തിരുന്നു. വിവാഹിതയായിരുന്ന ശ്രീക്കുട്ടി ഈ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

അജ്മലിനെതിരെ മുമ്പ് എട്ട് കേസുകളുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. അതേസമയം, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്നും പുറത്താക്കി.അജ്മലും സുഹൃത്തായ ഡോക്ടര്‍ ശ്രീക്കുട്ടിയും സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരും മദ്യലഹരിയിലായിരുന്നു. കാര്‍ ഇടിച്ചതിന് ശേഷം വണ്ടി മുന്നോട്ടെടുക്കാന്‍ അജ്മലിനെ നിര്‍ബന്ധിച്ചത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സ്‌കൂട്ടറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അജ്മലിന്റെ കാര്‍ ഇവരെ ഇടിച്ചിട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്.

നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. അജ്മല്‍ കാറിടിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചിരുന്നെങ്കില്‍ നിസാര പരിക്കുകളേറ്റ കുഞ്ഞുമോള്‍ക്ക് ജീവന്‍ തിരികെ ലഭിക്കുമായിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും നിയമോപദേശത്തിന്റേയും ഒപ്പം ദൃക്‌സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തില്‍ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY