SignIn
Kerala Kaumudi Online
Friday, 11 September 2026 9.17 PM IST

ചെന്നൈ - ഗുരുവായൂർ എക്സ്‌പ്രസ് അട്ടിമറിക്കാൻ ട്രാക്കിൽ തെങ്ങിൻകുറ്റി വച്ച രണ്ടുപേർ അറസ്റ്റിൽ, കൗ ക്യാച്ച്  രക്ഷിച്ചത്  നൂറുകണക്കിന് ആളുകളുടെ ജീവൻ 

train

വർക്കല: കാപ്പിലിൽ റെയിൽവേ ട്രാക്കിന് കുറുകെ തെങ്ങിൻകുറ്റി കയറ്റിവച്ച സംഭവത്തിൽ രണ്ടുപേരെ ആർ.പി.എഫ് പിടികൂടി. ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി 12.15ഓടെ കാപ്പിൽ എച്ച്.എസിന് സമീപം കണ്ണംമൂടിനും പാറയിൽ ഭാഗത്തിനും മദ്ധ്യേയുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വന്ന ചെന്നൈ ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ ട്രാക്കിൽ വച്ചിരുന്ന തെങ്ങിൻകുറ്റി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

വേഗത്തിലെത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ട്രാക്കിൽ തെങ്ങിൻ കുറ്റിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രെയിൻ നിറുത്താൻ ശ്രമിച്ചെങ്കിലും എൻജിന് തൊട്ടുതാഴെ ഘടിപ്പിച്ചിട്ടുള്ള കൗ ക്യാച്ച് എന്ന പ്രതിരോധ കവചത്തിൽ തട്ടി മാറ്റുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ അപകടം ഒഴിവായത്. രണ്ടര അടി നീളമുള്ള തെങ്ങിൻ കുറ്റിയാണ് ട്രാക്കിന് കുറുകെ കയറ്റിവച്ചിരുന്നത്.

ട്രെയിൻ നിറുത്തിയശേഷം ലോക്കോ പൈലറ്റ് തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് ആർ.പി.എഫ് അസി. കമ്മിഷണർ ശിവദാസ്, ആർ.പി.എഫ് ഇൻസ്‌പെക്ടർ രജനി നായർ, എസ്.ഐ ബീന ഗോപാലകൃഷ്ണൻ എന്നിവരും അയിരൂർ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. 10 മിനിട്ടോളം വൈകിയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. സംഭവത്തിൽ ആർ.പി.എഫും അയിരൂർ പൊലീസും കേസെടുത്തു. റെയിൽവേ പൊലീസ് ചീഫ് രാജേന്ദ്രന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി കെ.എസ്. പ്രശാന്ത്, സബ് ഇൻസ്‌പെക്ടർ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, RAILWAY, TRAIN, COW CATCH, VARKALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY