ചിറയിൻകീഴ്: സി.പി.എം ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ബീജ സുരേഷിന്റെ വീടിന് നേർക്ക്,അജ്ഞാത സംഘം അമിട്ടെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ചിറയിൻകീഴ് പുതുക്കരി അവിട്ടം വീട്ടിൽ ഇക്കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം.മൂന്ന് അമിട്ടാണ് എറിഞ്ഞത്.
രണ്ട് അമിട്ട് ഗേറ്റിനുള്ളിൽ വീണുപൊട്ടി.ഒരെണ്ണം സിറ്റൗട്ടിൽ വീണെങ്കിലും പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി.സംഭവ സമയം ബീജയുടെ ഭർത്താവ് സുരേഷും 13 വയസുള്ള മകളും ബീജയുടെ അമ്മ ലളിതയും സുരേഷിന്റെ അമ്മ രാജമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുൻഭാഗത്തെ ഡോർ തുറന്നുക്കിടക്കുകയായിരുന്നു.
ബീജയുടെ മകളും രാജമ്മയും ടി.വി കണ്ടിരിക്കുമ്പോഴാണ് അമിട്ടേറുണ്ടായത്.ഉഗ്രശബ്ദം കേട്ട് ഭയന്ന് വീട്ടുകാർ അകത്തുതന്നെയിരുന്നു.കുറച്ചുനേരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേയ്ക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു.സമീപത്തെ സി.സി ടിവി ദൃശ്യം പരിശോധിച്ചതിൽ റെയിൻ കോട്ട് ധരിച്ച് ബൈക്കിലെത്തിയ മൂന്നുപേർ അമിട്ട് എറിയുന്നതാണ് കണ്ടത്.പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.
രാഷ്ട്രീയമായോ വ്യക്തിപരമായോ ആരോടും വിരോധമുള്ളയാളല്ല തങ്ങളെന്ന് ബീജ സുരേഷ് പറഞ്ഞു.ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേർക്ക് നടന്ന ആക്രമണത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി ആർ.സുഭാഷ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |