SignIn
Kerala Kaumudi Online
Thursday, 10 September 2026 3.44 AM IST

പുനലൂർ താലൂക്ക് ആശുപത്രി​യി​ൽ പ്രസവത്തി​നി​ടെ കുഞ്ഞിന് ദാരുണാന്ത്യം

aa

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ പെൺ​കുഞ്ഞ് മരിച്ചു. ഏരൂർ ഇരണൂർ കരിക്കം അനൂപ് മൻസിലിൽ അനൂപ്- ശ്രുതി ദമ്പതികൾക്ക് മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച, പൂർണവളർച്ചയെത്തി​യ കുഞ്ഞാണ് മരിച്ചത്. ഡോക്ടർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചും ചികിത്സാപ്പിഴവാണെന്നാരോപിച്ചും പിതാവ് രംഗത്തെത്തി. അതേസമയം ശ്രുതിക്ക് ആരോഗ്യപ്രശ്നങ്ങളി​ല്ല.

ശ്രുതിക്ക് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലായിരുന്നു ചികിത്സ. ഒൻപതാം മാസത്തെ സ്കാനിംഗ് റിപ്പോർട്ടുമായി ഡോക്ടറെ കണ്ടു. തിങ്കളാഴ്ച അഡ്മിറ്റായി. ഇന്നലെ പുലർച്ചെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചു. അഞ്ചേകാലോടെ കുഞ്ഞ് മരിച്ചെന്ന വിവരമാണ് ബന്ധുക്കളെ അറിയിച്ചത്. സങ്കീർണതയുള്ളതായി മുൻപ് പറഞ്ഞില്ലെന്നും അറി​ഞ്ഞി​രുന്നെങ്കി​ൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുമായിരുന്നെന്നും അനൂപ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രി​യി​ൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരാതിയിൽ പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

 കൈക്കൂലി ആരോപണവും

ഡോക്ടർ 2,500 രൂപ കൈക്കൂലി വാങ്ങിയതായി അനൂപ് ആരോപിച്ചു. തിങ്കളാഴ്ച ആശുപത്രിയിൽ ചെന്നപ്പോൾ തന്നെ 'കാണണ'മെന്ന് അറിഞ്ഞുകൂടേയെന്ന് ഈ ഡോക്ടർ ചോദിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലെത്തി ആദ്യം 500 രൂപ നൽകി. അപ്പോൾ ഡോക്ടർ ഒന്നു നോക്കി. അതോടെ രണ്ടായിരം രൂപ കൂടി നൽകി. സുഖപ്രസവമായിരിക്കുമെന്ന് ഡോക്ടർ അഭി​പ്രായപ്പെട്ടെന്നും അനൂപ് പറഞ്ഞു.

കുഞ്ഞ് മരിച്ച സംഭവം ചികിത്സാപ്പിഴവ് മൂലമാണെന്ന ആരോപണം ഗൗരവമുള്ളതാണ്. അന്വേഷിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി

അഡ്വ. ബിന്ദുകൃഷ്ണ,

വനിത ശിശുവികസന വകുപ്പ് മന്ത്രി

..................................................

സുഖപ്രസവമാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്നലെ പുലർച്ചെ 4.40ന് ശ്രുതിയുടെ ഗർഭാശയത്തിലെ ഫ്ലൂയിഡ് പൊട്ടി. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായും കണ്ടെത്തി. പൊക്കിൾക്കൊടി വജൈനയ്ക്ക് പുറത്തേക്കും വന്നു. അടിയന്തര സാഹചര്യമായതിനാൽ ഗൈനക്കോളജിസ്റ്റെത്തി 5.10ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ല

ഡോ. സുനിൽകുമാർ

(സൂപ്രണ്ട്, പുനലൂർ താലൂക്ക് ആശുപത്രി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY