SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

കൊണ്ടും കൊടുത്തും പിണറായിയും സതീശനും

dd

തിരുവനന്തപുരം: ഉരുളയ്ക്ക് ഉപ്പേരി പോലെ പരസ്പരം മറുപടി നൽകി കൊണ്ടും കൊടുത്തുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും വാക്പോര് തിരഞ്ഞെടുപ്പ് കളത്തെ പതിവില്ലാത്തവിധം ചൂടുപിടിപ്പിക്കുന്നു. മറ്റു നേതാക്കളും ഇത് ഏറ്റുപിടിക്കുന്നതോടെ വിവാദ വിഷയങ്ങളാൽ നയിക്കപ്പെടുകയാണ് പ്രചാരണ രംഗം.

പത്തു മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി ഡീൽ ഉണ്ടെന്ന സതീശന്റെ ആരോപണമാണ് 'ആക്രമണങ്ങൾക്ക്' തുടക്കമിട്ടത്. അതോടെ ഡീൽ വിവാദം കളംപിടിച്ചു. അത് പിന്നീട് ആർ.എസ്.എസ് ബന്ധത്തെച്ചൊല്ലിയുള്ള ഇരുവരുടേയും വാഗ്വാദത്തിലേക്ക് നീങ്ങി. രാവിലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് ചൂടാറാതെ മറുപടിയുമായി സതീശൻ രംഗത്തെത്തും.

ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷച്ചടങ്ങിൽ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി സതീശൻ വിളക്കുകൊളുത്തിയത് ഏത് ഡീൽ എന്നായിരുന്നു കഴിഞ്ഞ ദിവസം പിണറായിയുടെ ചോദ്യം. 1977ൽ ആർ.എസ്.എസ് പിന്തുണയിൽ ജയിച്ച് നിയമസഭയിലെത്തിയ പിണറായി ലക്ഷണമൊത്ത ആർ.എസ്.എസ് ഏജന്റെന്നായിരുന്നു സതീശന്റെ മറുപടി.

ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം ഞങ്ങൾ കാണിക്കാറില്ലെന്നായിരുന്നു ഇതിന് ഇന്നലെ പിണറായിയുടെ തിരിച്ചടി. ആർ.എസ്.എസിന്റെ പ്രധാന ടാർജറ്റായിരുന്നു താൻ. ശുദ്ധ അസംബന്ധം പറയാൻ സതീശന് മടിയില്ല. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാലംമുതൽ ആർ.എസ്.എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാമെന്നും പറഞ്ഞു.

ഇതിന് സതീശന്റെ മറുപടി പിന്നാലെ വന്നു. നാല് വോട്ടിനു വേണ്ടി മുഖ്യമന്ത്രി എന്തു നിലപാടും സ്വീകരിക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പിണറായി, പറയുന്നത് മാറ്റിപ്പറയും. ഭീരുക്കളായ ഏകാധിപതികളുടെ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി എന്നുമായിരുന്നു കുറ്റപ്പെടുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA