
തിരുവനന്തപുരം: വെള്ള, നീല റേഷൻകാർഡുകളുടെ അരി വിഹിതം 5 കിലോവരെ വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷൻ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതൽ അരി ലഭിച്ചാൽ ഇവരും റേഷൻ കടയിലെത്തും. അരിവില നിയന്ത്രിക്കാൻ ഇത് സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
ചില്ലറ റേഷൻകടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലിൽനിന്ന് 35 ആക്കണമെന്നു റേഷൻവ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, മുൻഗണനേതര കാർഡിനുള്ള വിഹിതം വർദ്ധിപ്പിക്കാനായാൽ വില്പന കൂടും. വില്പന കുറയുന്നതിനാൽ കമ്മിഷൻ കുറയുന്ന പ്രശ്നം ഇതുവഴി പരിഹരിക്കാനാവും. റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യഭദ്രത നിയമത്തിന്റെ ഭാഗമായി 2021 ഫെബ്രുവരിയിൽ നിലവിൽവന്ന കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ ആക്ടിലെ (കെ.ടി.പി.ഡി.എസ്) ചട്ടത്തിൽ കാലോചിതമായ മാറ്റങ്ങൾ പരിഗണനയിലുണ്ട്. അനന്തരാവകാശി നിയമനം, സെയിൽസ്മാൻമാർക്ക് ലൈസൻസ് കൈമാറൽ ഉൾപ്പെടെയുള്ള റേഷൻ വ്യാപാരികളെ ബാധിക്കുന്ന വിഷയങ്ങളിലാണു ഭേദഗതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റേഷൻ വിതരണവും റേഷൻ കടകളുടെ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമമാണിത്.
ചില്ലറ റേഷൻവ്യാപാരികളുടെ വേതനവർദ്ധന പാക്കേജ് സംബന്ധിച്ച ഫയൽ എത്രയും വേഗം സർക്കാരിന്റെ പരിഗണനയ്ക്കു വിടും. ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുന്നത് പരിഗണിക്കും. നിലവിലുള്ള ക്ഷേമനിധി കുടിശിക വിതരണം ചെയ്യാനുള്ള 1.70 കോടി രൂപ നൽകാനുള്ള തീരുമാനം നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊല്ലം ജില്ലയിലെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിശോധിക്കും. ഗ്രാമീണ ബാങ്ക് സേവനങ്ങൾ കൂടി റേഷൻകടകളിൽ ഏർപ്പെടുത്തുന്നതിന്റെ സാദ്ധ്യത പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |