SignIn
Kerala Kaumudi Online
Saturday, 20 June 2026 8.25 AM IST

ടി.പി വധക്കേസ് വിധി: അപ്പീലുകളിൽ വാദം തുടങ്ങി

READ ENGLISH VERSION
tp-

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളും സർക്കാരും കെ.കെ. രമ എം.എൽ.എയും ഹൈക്കോടതിയിൽ നൽകിയ അപ്പീലുകളിൽ ഇന്നലെ വാദം തുടങ്ങി. ശിക്ഷാ വിധിക്കെതിരെ 12 പ്രതികൾ നൽകിയ അപ്പീൽ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന സർക്കാരിന്റെ അപ്പീൽ, സി.പി.എം നേതാവ് പി. മോഹനനടക്കമുള്ളവരെ കേസിൽ വെറുതേ വിട്ടതിനെതിരെ കെ.കെ. രമ നൽകിയ അപ്പീൽ എന്നിവയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

ടി.പി വധക്കേസിന്റെ എഫ്.ഐ.ആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും ഗൂഢാലോചനയെത്തുടർന്നാണ് പലരെയും കേസിൽ പ്രതി ചേർത്തതെന്നും ഒന്നാം പ്രതി കണ്ണൂർ സ്വദേശി എം.സി. അനൂപിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആരോപിച്ചു.ആർ.എം.പി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് വടകരയ്ക്കടുത്ത് വള്ളിക്കാടു വച്ച് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മിൽ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർ.എം.പി എന്ന പാർട്ടിയുണ്ടാക്കിയതിലുള്ള പക നിമിത്തം സി.പി.എമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ അപേക്ഷ പ്രകാരം കേസിൽ അഡ്വ. പി. കുമാരൻകുട്ടിയെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.

ശിക്ഷിച്ചത്

12 പേരെ

ടി.പി വധക്കേസിൽ എം.സി. അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സി.പി.എം പാനൂർ ‌ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതി കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവുമാണ് 2014 ൽ വിചാരണക്കോടതി ശിക്ഷ വിധിച്ചത്. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതേ വിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA