
ചെങ്ങന്നൂർ: തനിക്കെതിരെയുള്ള കോടതി വിധിയിൽ ക്ഷുഭിതനായ യുവാവ് കോടതിയിൽ കയറി വനിത ജഡ്ജിയെ ആക്രമിക്കാൻ ശ്രമിച്ചു. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചെങ്ങന്നൂർ മുൻസിഫ് ജഡ്ജിയും ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടുമായ അമല ലോറൻസിന് വീണ് പരിക്കേറ്റു. യുവാവിനെ തടയാൻ ശ്രമിച്ച രണ്ട് കോടതി ജീവനക്കാർക്കും പരിക്കേറ്റു. അക്രമത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചെങ്ങന്നൂർ പെരിങ്ങാല സ്വദേശിയായ അരുൺ മോഹനെ (28) അറസ്റ്രുചെയ്തു. കോടതി ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് പിടികൂടിയ പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.
പരിക്കേറ്റ ജഡ്ജിയെയും ജീവനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതി നടപടികൾ ഇന്നലെ നിറുത്തിവച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ അതിക്രമം നടന്നത്. കോടതി നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ ഇയാൾ ജഡ്ജിയുടെ ചേംബറിലേക്ക് അതിക്രമിച്ചുകയറിയത്. അമല ലോറൻസല്ലേ എന്ന് ചോദിച്ചാണ് ജഡ്ജിക്കെതിരെ പാഞ്ഞടുത്തത്. പരിഭ്രാന്തയായ ജഡ്ജി ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് വീണ് പരിക്കേറ്റത്. ഇവിടെയുണ്ടായിരുന്ന ക്ളാർക്ക് ആർ. ജയകുമാറും കോർട്ട് കീപ്പർ എം. വൈശാഖും അക്രമിയെ തടയാൻ ശ്രമിച്ചു. മൽപ്പിടുത്തത്തിനിടെ അക്രമിയുടെ റെയിൻകോട്ടിലുണ്ടായിരുന്ന ചില്ലുകുപ്പി നിലത്തുവീണ് പൊട്ടി. എതിരെവന്നയാളെ ചവിട്ടിവീഴ്ത്തിയ ശേഷം അക്രമി പുറത്തേക്കോടി. കോടതി ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും പിന്നാലെ ഓടിയാണ് കീഴ്പെടുത്തിയത്. അതിക്രമത്തിനിടെ ജഡ്ജി സമീപത്തെ ബാർ അസോസിയേഷൻ ഓഫീസിലേക്കും തുടർന്ന് ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറിയിരുന്നു.
ജഡ്ജിക്ക് ഭീഷണിക്കത്തും
സ്ഥിരം പ്രശ്നക്കാരനാണ് അരുൺ. സ്വന്തം വീട്ടിലെ അക്രമം താങ്ങാനാവാതെ ഇയാൾക്കെതിരെ വീട്ടുകാർ കോടതിയിൽ പരാതി നൽകിയിരുന്നു. വീട്ടിൽ പ്രവേശിക്കരുതെന്ന് അരുൺ മോഹനെതിരെ കോടതി ഉത്തരവിട്ടു. തനിക്കെതിരെ എന്തിനാണ് നടപടിയെടുത്തത് എന്ന് ചോദിച്ച് ജഡ്ജിക്കെതിരെ കഴിഞ്ഞ ദിവസം ഇയാൾ ഭീഷണിക്കത്ത് അയച്ചിരുന്നു. തുടർന്നാണ് നേരിട്ടെത്തി ആക്രമത്തിന് മുതിർന്നത്. അതിക്രമത്തിനിതിരെ ചെങ്ങന്നൂർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. ഭാരവാഹികളായ അഡ്വ. ജോർജ് തോമസ്, അഡ്വ. ജോസഫ് ജോർജ്, അഡ്വ. ഡി. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |