
കൊച്ചി:ഏതൊരു നാടിന്റെയും പുരോഗതിയുടെ അടിത്തറയും കാലഘട്ടത്തിന്റെ വിജയമന്ത്രവും വ്യവസായമേഖലയിലെ നിക്ഷേപമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൗമുദി ടി.വി എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ ഇന്നവേറ്റേഴ്സ് ആൻഡ് ഇൻവെസ്റ്റേഴ്സ് കോൺക്ലേവും, സംരംഭകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും ശ്രദ്ധേയനേട്ടങ്ങൾ കൈവരിച്ചവരുമായ ബിസിനസ് പ്രൊഫഷണലുകൾക്കുള്ള അവാർഡുദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇൻവെസ്റ്റേഴ്സും ഇന്നവേറ്റേഴ്സും ഏറെ പ്രധാനപ്പെട്ടവരാണ്. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങളും പുരോഗതിയും ഉണ്ടാകാൻ പുതിയ വ്യവസായസംരംഭങ്ങളും നിക്ഷേപവും വരണം. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമിയുടെ അഭാവവും വർദ്ധിച്ച ജനസാന്ദ്രതയുമാണ് കേരളത്തിന്റെ വ്യവസായവളർച്ചയ്‌ക്ക് പ്രധാനതടസം. വിനോദസഞ്ചാരം, ഐ.ടി ഉൾപ്പെടെ സേവനമേഖലയിൽ വൻസാദ്ധ്യതകളുമുണ്ട്.
കൊവിഡിന് ശേഷം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ ഗണ്യമായ വർദ്ധനയുണ്ട്. അതിലേറെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആഭ്യന്തരസഞ്ചാരികളാണ്. ഇവർക്ക് വേണ്ടത്ര താമസസൗകര്യം ഇവിടെയില്ല. വിനോദസഞ്ചാരമേഖലയിൽ ഇനിയും മുതൽമുടക്കിന് സാദ്ധ്യതകളുണ്ട്. വൻകിട ഐ.ടി പാർക്കുകൾക്കും അനുകൂലസാഹചര്യമാണ്. സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സ്വകാര്യനിക്ഷേപകർ മുന്നോട്ടുവരണം. മുൻകാലങ്ങളേക്കാൾ കേരളത്തിലെ വ്യവസായസൗഹൃദഅന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾക്കെല്ലാം ഇക്കാര്യത്തിൽ യോജിച്ച നിലപാടാണ്. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഏകജാലക സംവിധാനങ്ങളുമായി സർക്കാരും ഒപ്പമുണ്ടെന്ന്അദ്ദേഹം പറഞ്ഞു.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും എറണാകുളം-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷനായി. ടി.ജെ.വിനോദ് എം.എൽ.എ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.കാളിരാജ് മഹേഷ് കുമാർ, കേരളകൗമുദി ജനറൽ മാനേജർ(മാർക്കറ്റിംഗ്)ഷിറാസ് ജലാൽ, ജനറൽ മാനേജർ(ഡെബ്റ്റേഴ്സ് മാനേജ്മെന്റ്) അയ്യപ്പദാസ് എ.ജി എന്നിവർ മുഖ്യാതിഥികളായി. കൗമുദി ടി.വി ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.ആർ.റോഷ് കുമാർ സ്വാഗതവും കേരളകൗമുദി കൊച്ചി ബ്യൂറോചീഫ് ടി.കെ.സുനിൽകുമാർ നന്ദിയുംപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |