
തിരുവനന്തപുരം: ഗവ. പ്ലീഡർ നിയമനത്തിൽ കെ.എസ്.യു-മുഖ്യമന്ത്രി തർക്കംഅവസാനിപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ നീക്കം തുടങ്ങി. തിങ്കഴാഴ്ച തലസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി വി.ഡി.സതീശനുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വി.എം.സുധീരൻ ഉൾപ്പെടെയുള്ള നേതാക്കളും ആശയ വിനിമയം നടത്തും. .
ഗവ. പ്ലീഡർ നിയമന തർക്കം പാർട്ടി നേതാക്കളെ രണ്ട് തട്ടിലാക്കി .മുഖ്യമന്ത്രിയുടെ നടപടി പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്നതാണെന്ന ആരോപണമാണ് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന നേതാക്കൾ ഉയർത്തുന്നത്. എന്നാൽ അനാവശ്യ വിവാദമുണ്ടാക്കി പ്രതിപക്ഷത്തെ സഹായിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമമെന്നാണ് വി.ഡി.സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. എതിർക്കുന്നവരെപ്പോലും പ്രതികാര ബുദ്ധിയോടെ കാണാത്ത നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന കെ.സി.വേണുഗോപാലിന്റെ പരാമർശം മുഖ്യമന്ത്രിക്കെതിരെയുള്ള പരോക്ഷ വിമർശനമാണെന്ന വ്യാഖ്യാനവുമുണ്ട്. പാർട്ടി പ്രവർത്തകർക്ക് മനോവിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കെ.എസ്.യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിയിലിരുന്ന അലോഷ്യസ് സേവ്യറിനെ അടുത്തു വിളിച്ച് ചേർത്ത് നിറുത്തിയാണ് വി.എം.സുധീരൻ പിന്തുണ അറിയിച്ചത്. ആരുടെ മുന്നിലും നിലപാടുകൾ വ്യക്തമാക്കാൻ ആർജ്ജവമുള്ള നേതാവാണ് അലോഷ്യസെന്ന് പ്രശംസിക്കുകയും ചെയ്തു. അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അവസരം നൽകുമെന്നാണ് സൂചന .പ്രസ്താവനകളിൽ മുഖ്യമന്ത്രി ജാഗ്രത പാലിക്കണമെന്നും, കപ്പൽ നിർമ്മാണശാലയ്ക്ക് ടാറ്റ മുതൽ മുടക്കുന്നു എന്നതു പോലുള്ള പരാമർശങ്ങൾ വേണ്ടത്ര പരിശോധനയില്ലാതെ നടത്തിയതിനാലാണ് തിരുത്തൽ പ്രസ്താവന ഇറക്കേണ്ടി വന്നതെന്നും പ്രമുഖ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |