
കൊച്ചി:നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ ആവശ്യത്തെ സർക്കാരും അതിജീവിതയും ഹൈക്കോടതിയിൽ എതിർത്തു.ജാമ്യം നൽകിയാൽ അതിക്രമദൃശ്യങ്ങൾ പുറത്തുവരാനിടയുണ്ടെന്ന് സർക്കാരും ഹീനമായ കുറ്റകൃത്യത്തിന് ജാമ്യം നൽകരുതെന്ന് അതിജീവിതയും ബോധിപ്പിച്ചു.വിചാരണവേളയിലുൾപ്പെടെ എട്ടു വർഷത്തിലേറെയായി ജയിലിലാണെന്നും ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പൾസർ സുനിയുടെ വാദം.തുടർന്ന്, ഉപഹർജി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിനായി മാറ്റി. വിചാരണക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലിനൊപ്പമാണ് ഉപഹർജി പരിഗണിച്ചത്.അതിക്രമ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സർക്കാരിനായി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാർ ബോധിപ്പിച്ചു.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതിയെ ശിക്ഷിച്ചതെന്നും ദീർഘനാൾ ജയിൽവാസം അനുഭവിച്ചതിന്റെ പേരിൽ ജാമ്യം അനുവദിക്കരുതെന്നും അതിജീവിതയ്‌ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |