
കൊച്ചി: കേരള ബാർ കൗൺസിൽ മുൻ പ്രസിഡന്റായ ടി.എസ്. അജിത്തിനെ ഉൾപ്പെടുത്തി എൻറോൾമെന്റിനും മറ്റ് ആവശ്യങ്ങൾക്കുമായി താത്കാലിക കമ്മിറ്റിക്ക് രൂപം നൽകിയ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ പ്രസാദ് ചന്ദ്രൻ, ബാർ കൗൺസിൽ അംഗം യശ്വന്ത് ഷേണായ് എന്നിവരുടെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്.
ബാർ കൗൺസിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി തുടങ്ങിയ സാഹചര്യത്തിൽ, തിരഞ്ഞെടുക്കപ്പെടാത്ത വ്യക്തിയെ സമിതിയിൽ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
എൻറോൾമെന്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ബാർ കൗൺസിൽ എക്‌സ് ഒഫീഷ്യോ അംഗമായ അഡ്വക്കേറ്റ് ജനറലിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ബാർ കൗൺസിൽ യോഗം ചേരുന്നതുവരെ എ.ജി ചെയർമാനായ കമ്മിറ്റിയായിരിക്കും തീരുമാനങ്ങളെടുക്കുക.
ബാർ കൗൺസിലിലെ പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം ജൂൺ 16ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ രണ്ട് വനിതകളെ ഉൾപ്പെടുത്തുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇതുവരെ കൗൺസിൽ യോഗം ചേരാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് താത്കാലിക കമ്മിറ്റിക്ക് രൂപം നൽകിയത്. നിയമപ്രകാരം ഫലം വന്ന ദിവസം മുതൽ പുതിയ അംഗങ്ങളുടെ കാലാവധി തുടങ്ങുമെന്നാണ് ഹർജിക്കാർ വാദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |