
കൊച്ചി: സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും പ്രതിയായ അരിയിൽ ഷുക്കൂർ വധക്കേസിൽ കൊച്ചിയിലെ സി.ബി.ഐ പ്രത്യേകകോടതി 14 വർഷത്തിന് ശേഷം നവം. 12ന് വിധി പറയും. ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊലപ്പെട്ട കേസിൽ ജയരാജൻ 32-ാംപ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്. തളിപ്പറമ്പിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കെ.വി.സുമേഷ്, പി.ഗണേശൻ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇരുവർക്കുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്.
33 പ്രതികളുള്ളതിൽ 31 പേർ ജീവിച്ചിരിപ്പുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഷുക്കൂറിനെ തടങ്കലിൽ വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിലായിരുന്നു സംഭവം. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. 2025 മേയ് 5ന് വിചാരണ തുടങ്ങി. പ്രോസിക്യൂഷനായി അഡ്വ.എൻ.നവാസ്, അഡ്വ.കെ.പത്മനാഭൻ, പ്രതിഭാഗത്തിനായി അഡ്വ.ബി.രാമൻപിള്ള തുടങ്ങിയവർ ഹാജരായി.
കേസിന്റെ ബലം ഒന്നാം ദൃക്സാക്ഷി
സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം ദൃക്സാക്ഷിയുമായ സക്കറിയയാണ് പ്രോസിക്യൂഷന്റെ പിൻബലം.
ആക്രമണത്തിൽ പരിക്കേറ്റ സക്കറിയ 23 പ്രതികളെയും ആയുധവും തിരിച്ചറിഞ്ഞു.
രണ്ടാം സാക്ഷി അയൂബ് 15 പ്രതികളെ തിരിച്ചറിഞ്ഞു.
ഷുക്കൂറിനെ വധിക്കാനായി സി.പി.എം നേതാക്കൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്ന് മൊഴി നൽകിയ രണ്ടു സാക്ഷികൾ വിസ്താരത്തിനെത്തിയില്ല.
22-ാം സാക്ഷി പി.പി.അബു ഒളിവിലും 23-ാം സാക്ഷി മുഹമ്മദ് സാബിർ ഖത്തറിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |