SignIn
Kerala Kaumudi Online
Thursday, 29 October 2026 1.43 AM IST

ജഡ്ജിക്കെതിരായ നടപടി ; പൊലീസ് റിപ്പോർട്ട് കാത്ത് ഹൈക്കോടതി

k

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ, കാറോടിച്ച പതിനേഴുകാരന്റെ പിതാവായ അഡിഷണൽ ജില്ലാ ജഡ്ജിക്കെതിരായ നടപടി ഹൈക്കോടതി തീരുമാനിക്കുക പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. 17കാരൻ കാർ എടുത്തുകൊണ്ടു പോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിലടക്കം നിലവിൽ വ്യക്തതയില്ലാത്തതിനാലാണ് അന്വേഷണ റിപ്പോർട്ടിനായി കാക്കുന്നത്.

അതിനിടെ, അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ഇന്നലെ ഉച്ചകഴിഞ്ഞ് ഹൈക്കോടതിയിൽ എത്തി രജിസ്ട്രാർ ജനറൽ ജി.ഗോപകുമാറിനെ കണ്ട് ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകി. അഭിഭാഷകനൊപ്പമാണ് മകൾ ഭദ്രകീർത്തിയടക്കം എത്തിയത്. പരാതി ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന് ആവശ്യപ്പെട്ടു. സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണം. ചേരാനല്ലൂർ സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ സൂക്ഷിക്കണം. 17കാരന്റെ ഫോട്ടോ പൊലീസ് ഡിലീറ്റ് ചെയ്തതിനെക്കുറിച്ച് അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളും പരാതിയിലുണ്ട്.

പൊലീസ് അന്വേഷണം നടക്കുകയാണെന്നും അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ ജനറൽ അവരെ അറിയിച്ചു. സ്വതന്ത്രമായ അന്വേഷണത്തിന് പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

17കാരൻ ആഡംബര

ബൈക്കും ഓടിച്ചിരുന്നു

കഴിഞ്ഞ ദിവസം ജഡ്‌ജിയുടെ ആലുവ കമ്പനിപ്പടിയിലെ ഫ്ളാറ്റിൽ ഏഴു മണിക്കൂർ റെയ്‌ഡ് നടത്തിയ പൊലീസ് 17കാരനായ പുത്രൻ ഓടിച്ചിരുന്ന കാവസാക്കി ആഡംബര ബൈക്ക് പിടിച്ചെടുത്തു. 17കാരൻ പതിവായി ബൈക്ക് ഓടിച്ചിരുന്നതായി സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും ലഭിച്ചു. 17കാരന്റെ ജ്യേഷ്ഠന്റെ ബൈക്കാണിതെന്നാണ് വിവരം. ബൈക്ക് ഓടിക്കുന്നത് 17കാരൻ സമൂഹമാദ്ധ്യമത്തിൽ പങ്കിട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA