
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് കോവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ (കെ.എസ്.എസ്.എം) നടപ്പാക്കിയ 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്ന് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ.മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി ശുപാർശ ചെയ്തു. ആരോഗ്യവകുപ്പിൽ ഡോക്ടറായിരിക്കെ സാമൂഹ്യ സുരക്ഷാ മിഷൻ മേധാവിയായ അഷീൽ നിലവിൽ ഡെപ്യൂട്ടേഷനിൽ ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിക്കുകയാണ്.
സർക്കാറിന്റെ അനുമതിയോ, പൂർത്തിയാക്കിയ ശേഷം അംഗീകാരമോ വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മിഷന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ടിൽ നിന്ന് 439.16 ലക്ഷവും സ്‌പോൺസർഷിപ്പിലൂടെ ലഭിച്ച 49.79 ലക്ഷവും ( 4.88 കോടി) ഇത്തരത്തിൽ ചെലവിട്ടു. സാനിറ്റൈസർ, മാസ്‌ക് വിതരണം ഉൾപ്പെടെ ചെലവിട്ട തുകകളുടെ ബില്ലുകളിലും വൗച്ചറുകളിലും സംശയവുമുണ്ട്. മുഴുവൻ ബില്ലും ഹാജരാക്കിയില്ല. ജില്ലാ കോ-ഓർഡിനേറ്റർമാർക്കും മറ്റുമായി 44.63 ലക്ഷം അഡ്വാൻസ് നൽകിയതിൽ മാനദണ്ഡം പാലിച്ചില്ല. മിഷൻ ആസ്ഥാനത്ത് 300 ചതുരശ്രയടി വിസ്തീർണ്ണമുള്ള മുറിയിൽ വീഡിയോ കോൺഫറൻസ് സൗകര്യമൊരുക്കാൻ 19.64 ലക്ഷം രൂപ ചെലവിട്ടു. 30 ലക്ഷത്തിന് കിയോസ്‌കുകൾ വാങ്ങിയപ്പോൾ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും ടെൻഡർ സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായി.
ബില്ലുകളിൽ ക്രമക്കേട്,
നികുതി വെട്ടിപ്പ്
#കമ്പ്യൂട്ടറൈസ്ഡ് ബില്ലുകൾക്ക് പുറമേ എഴുതി തയ്യാറാക്കിയ ബില്ലുണ്ടായിരുന്നു. മിക്കതിലും ജി.എസ്.ടി രേഖപ്പെടുത്തിയിട്ടില്ല.
#തുക മാറി നൽകിയതിന്റെ മാനദണ്ഡം പരിശോധിക്കണം. നികുതിയില്ലാതെ ബില്ലുകൾ മാറിയതുവഴി സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായി. പദ്ധതിയുമായി ബന്ധമില്ലാത്ത ബില്ലും മാറി നൽകി.
ബ്രേക്ക് ദ ചെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് എന്ത് സംശയത്തിനും മറുപടിയുണ്ട്. എന്തുവേണമെങ്കിലും അന്വേഷിക്കട്ടെ. പദ്ധതി നടപ്പാക്കിയത് അഷീൽ എന്ന വ്യക്തിയല്ല. സർക്കാർ അംഗീകാരത്തോടെ ഒരു വകുപ്പ് എടുത്ത് നടപ്പിലാക്കിയ പ്രവർത്തനമാണ്. എല്ലാത്തിനും കൃത്യമായ രേഖകളുണ്ട്. കോവിഡ് കാലത്തെ പ്രയാസം മറന്നു. ചിലത് അടർത്തി എടുത്തു ചോദ്യം ചെയ്യുന്നു.
കെ.കെ.ശൈലജ ടീച്ചർ.
മുൻ ആരോഗ്യമന്ത്രി
``ആരോഗ്യവകുപ്പിലെ പത്ത് വർഷത്തെ എല്ലാ ഇടപാടുകളെയും കുറിച്ച് അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം വരും. അതിനുശേഷം നോക്കാം``
കെ. മുരളീധരൻ,
ആരോഗ്യമന്ത്രി
റിപ്പോർട്ട് തള്ളണം
തിരുവനന്തപുരം: 'ബ്രേക്ക് ദ ചെയിൻ' നടത്തിപ്പുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത് അപൂർണമായ രേഖകളെ അടിസ്ഥാനമാക്കിയാണെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് ധനകാര്യ സെക്രട്ടറിക്ക് സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീലിന്റെ കത്ത്. 15,000 ജീവനുകൾ രക്ഷിച്ച മാതൃകാ പ്രവർത്തനത്തെ സാങ്കേതിക കാരണം പറഞ്ഞ് കുറ്റകൃത്യമായി ചിത്രീകരിക്കാനാണ് ശ്രമം. കോവിഡ് കാലത്തെ അടിയന്തര സാഹചര്യങ്ങൾക്കായി ടെൻഡറില്ലാതെ സാധനങ്ങൾ വാങ്ങാനും 90 ശതമാനം വരെ മുൻകൂർ പണം നൽകാനും സർക്കാർ അനുവാദം നൽകിയിരുന്നു. ധനകാര്യ പരിശോധനാ വിഭാഗം ഈ ഉത്തരവ് അവഗണിച്ചു. താൻ സമർപ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞത് നിയമവിരുദ്ധമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |