SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.53 AM IST

കൊവിഡ് ബ്രേക്ക് ദ ചെയിൻ: സാമൂഹ്യസുരക്ഷാമിഷനിലെ 4.3 കോടി 'വക മാറ്റി'

p

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാമിഷന്റെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ പേരിൽ 4,30,33,925 രൂപ 'വഴിവിട്ട്' ചെലവഴിച്ചെന്ന ഗുരുതര ആക്ഷേപം സർക്കാരിലും സി.പി.എമ്മിലും ചൂടേറിയ ചർച്ചയായി.

മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള ഡോ. മുഹമ്മദ് അഷീലിന്റെ മാറ്റം ആരോപണത്തിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണെന്നാണ് സൂചന. ജൂലായ് മാസത്തിലാണ് അഷീലിനെ മാറ്റിയത്. ആരോപണം മുറുകിയതോടെ, സി.പി.എം നടപടിക്ക് നിർദ്ദേശിച്ചതായാണ് വിവരം.

കൊവിഡ് പ്രതിരോധത്തിന് 4.30 കോടി രൂപ ചെലവഴിച്ചതിന്റെ കണക്കുകൾ കഴിഞ്ഞ ഫെബ്രുവരി 24ന്റെ മിഷൻ ഗവേണിംഗ് ബോഡിയോഗത്തിൽ സമർപ്പിച്ചപ്പോൾ, ഓഡിറ്റിംഗിന് ശേഷം മതി സാധൂകരണമെന്ന് തീരുമാനിച്ചതായാണ് വിവരം. എന്നാൽ, ചെലവുകൾ കമ്മിറ്റി അംഗീകരിച്ചു, പ്രത്യേകം ഓഡിറ്റ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്, തുടർചെലവുകൾ ഭരണപരമായ ചെലവുകളിൽ നിന്ന് വഹിക്കാവുന്നതാണ് എന്നിങ്ങനെ കമ്മിറ്റി തീരുമാനിച്ചതായാണ് മിനിട്ട്സിൽ രേഖപ്പെടുത്തിയത്. ഇതാണ് സംശയമുണർത്തുന്നത്.

ഫെബ്രുവരി 24ന് ചേർന്ന യോഗത്തിന്റെ മിനിട്ട്സ്, രണ്ട് മാസത്തിന് ശേഷം ഏപ്രിൽ 27നാണ് മിഷൻ ചെയർപേഴ്സൺ കൂടിയായ അന്നത്തെ ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജയിൽ നിന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഒപ്പിട്ട് വാങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തൊട്ടുമുമ്പുള്ള യോഗത്തിൽ മന്ത്രിയും സൂം മീറ്റിംഗ് വഴി പങ്കെടുത്തതാണ്. തുക വഴിവിട്ട് ചെലവഴിച്ചത് എന്തിനെന്നതിനെ ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്.

തട്ടിപ്പിന് പിന്നിൽ

ചില ഉദ്യോഗസ്ഥർ

കൊവിഡ് ലോക്ക്ഡൗണിന്റെ മറവിൽ ഓഫീസുത്തരവുകളില്ലാതെ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറുടെ നേതൃത്വത്തിൽ ചില ഉദ്യോഗസ്ഥർ ചേർന്ന് വഴിവിട്ട് ചെലവഴിച്ചെന്നാണാക്ഷേപം. 2020 മാർച്ച് 24 മുതൽ 2021 ഏപ്രിൽ 30വരെയുള്ള ചെലവാണ് അംഗീകരിച്ചെടുത്തത്.

മിഷനിൽ ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ചട്ടങ്ങൾ ലംഘിച്ച് രണ്ടു പേരെ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ നിയമിച്ചതായും ആരോപണമുണ്ട്. സാമൂഹ്യസുരക്ഷാ ചെലവിനത്തിൽ മാസം 15 കോടിയിലേറെ ചെലവിടുന്ന മിഷനിലെ കരാർ നിയമന വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണിത്.130 കോടിയുടെ മിഷൻ ഫണ്ടിൽ ഡോ. അഷീൽ സ്ഥാനമൊഴിയുമ്പോൾ അവശേഷിച്ചത് മൂന്നരക്കോടിയാണ്. ഒരു ഘട്ടത്തിൽ ധനവകുപ്പിന് തന്നെ 56 കോടി തിരിച്ചുപിടിക്കേണ്ടിവന്നതായും പയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA