
തിരുവനന്തപുരം:ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറി ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണ്ണമായും ഓൺലൈനാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തുലാമാസപൂജ മുതൽ ദിവസവും 400 റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
190 മുറികളാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നത്. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തുകയെന്ന തീരുമാനത്തെ തുടർന്നാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 400 ആക്കിയത്. പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതൽ ഓൺലൈനായി പത്തു മുറികൾ ബുക്ക് ചെയ്യാം.
www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴിയാണ് മുറികൾ ബുക്ക് ചെയ്യേണ്ടത്. ബുക്കിംഗിനിടയിൽ വെബ്‌സൈറ്റിലെ തിരക്ക് മൂലം ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും പണം അക്കൗണ്ടിൽ നിന്ന് കുറയുകയും ചെയ്താൽ രേഖകൾ സഹിതം Onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി അറിയിക്കാം. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓൺലൈൻ മുറി ബുക്കിംഗ് ഇന്ന് രാവിലെ 7 മുതൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |