
ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
ചിറയിൻകീഴ്: പെരുങ്ങുഴി ചല്ലിമുക്ക് സ്വദേശി സജി (43) കുഴഞ്ഞുവീണ് മരിച്ചത് പൊലീസ് മർദ്ദനത്തെ തുടർന്നെന്ന ആരോപണത്തിൽ ഇന്നലെയും വ്യാപക പ്രതിഷേധം. അതേസമയം പൊലീസ് മർദ്ദനത്തിന് പുറമേ ചികിത്സാപ്പിഴവ് ആരോപിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ഇന്നലെ പ്രതിഷേധ പ്രകടനം നടന്നു.
ബി.ജെ.പിയും ഡി.വൈ.എഫ്.ഐയുമാണ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്. ഡോക്ടർക്കെതിരെ അന്വഷണം നടത്താമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. നാലാം തീയതി ശാരീരിക അസ്വസ്ഥതയെ തുടർന്ന് സജിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ കാണിച്ചിരുന്നു. മൂത്രമൊഴിച്ചപ്പോഴും ഛർദ്ദിച്ചപ്പോഴും രക്തം വന്നെന്ന് പറഞ്ഞിട്ടും കാഷ്വാലിറ്റിയിലെ ഡോക്ടർ മരുന്നുനൽകി വിട്ടയച്ച ശേഷം പിറ്റേദിവസം ഒ.പിയിൽ കാണിക്കാനാണ് പറഞ്ഞതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ അടുത്ത ദിവസം രാവിലെ സജി മരിക്കുകയും ചെയ്തു.
മതിയായ ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും പൊലീസ് മർദ്ദിച്ചു എന്നുള്ളത് ആശുപത്രി രേഖകളിൽ രേഖപ്പെടുത്തിയില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. അതേസമയം പ്രാഥമിക പരിശോധനയിൽ സജിക്ക് ന്യൂമോണിയ ബാധിച്ചതായി സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |