
ഇനി ഇന്ത്യയുടെ ചരിത്രം എഴുതുമ്പോൾ 'മോദിക്ക് മുമ്പും മോദിക്ക് ശേഷവും' എന്ന രീതിയിൽ വിലയിരുത്തേണ്ടിവരും എന്നതാണ് കഴിഞ്ഞ 25 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണയാത്ര ഉയർത്തുന്ന രാഷ്ട്രീയ സന്ദേശം
2001 ഒക്ടോബർ 7ന് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദി 2026ൽ ഭരണനേതൃത്വത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. ഒരു നേതാവിന്റെ രാഷ്ട്രീയ വളർച്ചയുടെ മാത്രം ചരിത്രമല്ല ഈ 25 വർഷം. ഇന്ത്യയുടെ ഭരണരീതിയിലും വികസനസമീപനത്തിലും സാമൂഹിക ക്ഷേമത്തിലും സാമ്പത്തിക ശാക്തീകരണത്തിലും രാജ്യത്തിന്റെ ആഗോള സ്ഥാനത്തും ഉണ്ടായ വലിയ മാറ്റങ്ങളുടെ കാലഘട്ടം കൂടിയാണിത്.
ഇനി ഇന്ത്യയുടെ ചരിത്രം എഴുതുമ്പോൾ 'മോദിക്ക് മുമ്പും മോദിക്ക് ശേഷവും' എന്ന രീതിയിൽ വിലയിരുത്തേണ്ടിവരും എന്നതാണ് കഴിഞ്ഞ 25 വർഷത്തെ അദ്ദേഹത്തിന്റെ ഭരണയാത്ര ഉയർത്തുന്ന രാഷ്ട്രീയ സന്ദേശം. ഗുജറാത്തിൽ ആരംഭിച്ച ഭരണയാത്ര രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ഭരണ പദവിയിലെത്തിയപ്പോൾ അതിനൊപ്പം വളർന്നത് രാജ്യത്തിന്റെ വികസനവേഗവും ആത്മവിശ്വാസവും ആഗോള സ്വാധീനവുമാണ്. ലോകവേദിയിൽ താരതമ്യേന ദുർബലമായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നായി ഉയർത്താനുള്ള യാത്രയാണ് മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാന സവിശേഷത.
അടൽ ബിഹാരി വാജ്‌പേയി തുടക്കം കുറിച്ച വികസനത്തിന്റെയും അടിസ്ഥാനസൗകര്യ വികസനത്തിന്റെയും ദേശീയ കരുത്തിന്റെയും പാതയ്ക്ക് കൂടുതൽ വേഗവും വ്യാപ്തിയും നൽകിക്കൊണ്ടാണ് 2014ന് ശേഷം ഇന്ത്യ മുന്നോട്ടുപോയത്. 'രാജ്യം ആദ്യം' എന്ന സമീപനമാണ് ഈ ഭരണരാഷ്ട്രീയത്തിന്റെ അടിസ്ഥാന ആശയം.
വികസനവും ദേശീയ സുരക്ഷയും, ക്ഷേമവും സാമ്പത്തിക ശാക്തീകരണവും, സേവനവും നയതന്ത്രവും പരസ്പരം വിരുദ്ധങ്ങളല്ലെന്നും അവയെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലത്തെ മോദി ഭരണാനുഭവം തെളിയിച്ചു.
ജനക്ഷേമ മാതൃക
2014ൽ പ്രധാനമന്ത്രിയായതിന് പിന്നാലെ നരേന്ദ്രമോദി ദേശീയതലത്തിൽ നടപ്പാക്കിയ വലിയ മുന്നേറ്റങ്ങളിലൊന്നായിരുന്നു പ്രധാനമന്ത്രി ജൻധൻ യോജന. ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്ന കുടുംബങ്ങളെ ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു ലക്ഷ്യം.
പ്രധാനമന്ത്രി ജീവൻജ്യോതി ബീമായോജന, പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് സാമ്പത്തിക പരിരക്ഷ ഒരുക്കുന്നതിനുള്ള സംവിധാനമായി.
ഒരു ബാങ്ക് അക്കൗണ്ട് മാത്രമുണ്ടായാൽ സാമ്പത്തിക ശാക്തീകരണം പൂർത്തിയാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പ്രധാനമന്ത്രി മുദ്ര യോജന പോലുള്ള പദ്ധതികൾക്ക് രൂപം നൽകിയത്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും വനിതകൾക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ ലഭ്യമാക്കാൻ സ്റ്റാൻഡ് അപ്പ് ഇന്ത്യ പോലുള്ള പദ്ധതികൾ.
പി.എം സ്വനിധി പദ്ധതി തെരുവോര കച്ചവടക്കാരെ ഔപചാരിക സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കുന്നതിലും അവരുടെ ഉപജീവനം പുനഃസ്ഥാപിക്കുന്നതിലും പ്രധാന ഇടപെടലായി. ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന വലിയ ആരോഗ്യസുരക്ഷാ സംവിധാനമായി മാറി.
ക്ഷേമത്തിൽ നിന്ന്
ശാക്തീകരണത്തിലേക്ക്
മോദിജിയുടെ 25 വർഷത്തെ ഭരണയാത്രയെ ക്ഷേമപദ്ധതികളുടെ പട്ടികയായി മാത്രം കാണാനാകില്ല. ബാങ്ക് അക്കൗണ്ട്, ഇൻഷ്വറൻസ്, പെൻഷൻ, വായ്പ, തൊഴിൽ, സംരംഭകത്വം, ആരോഗ്യസുരക്ഷ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവിതത്തെ സാമ്പത്തികമായി കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമാക്കാനുള്ള ശ്രമമാണ് ഇതിലൂടെ രൂപപ്പെട്ടത്.
രാജ്യത്തിനകത്തെ വികസനത്തിനും ക്ഷേമത്തിനുമൊപ്പം ഇന്ത്യയുടെ ദേശീയ കരുത്തിനും മോദി ഭരണത്തിൽ പ്രത്യേക പ്രാധാന്യം ലഭിച്ചു. ഒരു ആഗോള ശക്തിയുടെയും സമ്മർദ്ദത്തിന് വഴങ്ങാതെ സ്വന്തം ജനതയുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കാനുള്ള ആത്മവിശ്വാസം രാജ്യത്തിന് ലഭിച്ചു.
ലോകത്തിന്റെ ഏതൊരു കോണിലും ഇന്ത്യൻ ജനത പ്രതിസന്ധിയിലായാൽ അവരെ സംരക്ഷിക്കാൻ സ്വന്തം രാജ്യം എത്തുന്നുവെന്ന ആത്മവിശ്വാസം ശക്തിപ്പെടുത്താനും മോദി സർക്കാരിനായി. സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ലോകത്തിന്റെ പ്രതിസന്ധികളിലും സഹായവുമായി മുന്നിലെത്തുന്ന രാഷ്ട്രമായി ഇന്ത്യയുടെ പ്രതിച്ഛായ ഉയർന്നു. ദേശീയ സുരക്ഷയിലും ഇന്ത്യയുടെ നിലപാട് കൂടുതൽ ശക്തമായി.
സേവാജ്യോതി യാത്ര
മോദിജിയുടെ 25 വർഷത്തെ പൊതുപ്രവർത്തനം വ്യക്തിപരമായ ആഘോഷമായി മാത്രം കാണാതെ, കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഭരണാനുഭവങ്ങളും വികസനനയങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഒക്ടോബർ 7 മുതൽ രാജ്യത്തെ ബി.ജെ.പി സംഘടനാ ജില്ലകളുടെ നേതൃത്വത്തിൽ സേവാജ്യോതി യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിൽ 30 കേന്ദ്രങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. പൊതുസമ്മേളനങ്ങൾ, ഇരുചക്രവാഹന റാലികൾ തുടങ്ങിയ പരിപാടികൾക്കൊപ്പം മോദിയുടെ 25 വർഷത്തെ സേവനവും വികസനപ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
മോദിയുടെ 25 വർഷത്തെ ഭരണാനുഭവം വിലയിരുത്തുന്നതിനൊപ്പം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരണകാലത്തെയും കേരളത്തിലെ മുൻ ഭരണകാലങ്ങളെയും നിലവിലെ സംസ്ഥാന ഭരണത്തെയും താരതമ്യം ചെയ്യണമെന്ന രാഷ്ട്രീയ വെല്ലുവിളിയും ബി.ജെ.പി മുന്നോട്ടുവയ്ക്കും.
(മുൻ കേന്ദ്ര ഐ.ടി നൈപുണ്യ വികസന വകുപ്പ് സഹമന്ത്രിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |