
കൊച്ചി: പുതിയ റാഗിംഗ് നിരോധനനിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് കരട് ബില്ലിന്റെ അടിസ്ഥാനത്തിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റാഗിംഗ് പരാതി മറച്ചുവച്ചാൽ സ്ഥാപനമേധാവിക്കെതിരെയും നടപടിയിൽ വീഴ്ചയുണ്ടായാൽ സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. കോളേജ്, സ്‌കൂൾ, വിദ്യാർത്ഥികൾ താമസിക്കുന്ന സ്വകാര്യയിടങ്ങൾ നിയമപരിധിയിൽ വരും. ഡിജിറ്റൽ ഇടങ്ങളിലടക്കം വിദ്യാർത്ഥിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികളെല്ലാം റാഗിംഗായി കണക്കാക്കുമെന്നുമാണ് മാർഗനിർദ്ദേശത്തിലുള്ളത്. ശിക്ഷ വർദ്ധിപ്പിക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേരള ലീഗൽ സർവീസ് അതോറിറ്റി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സൗമെൻസെൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേകബെഞ്ചാണ് പരിഗണിച്ചത്.
മാർഗ നിർദ്ദേശങ്ങൾ
കുറ്റം തെളിഞ്ഞാൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും. മൂന്നു വർഷത്തേക്ക് ഒരിടത്തും പ്രവേശനം നൽകില്ല
തെറ്റായ പരാതി നൽകിയാൽ ആറുമാസം വരെ തടവ്
പൊലീസ് സ്റ്റേഷനിൽ ആന്റി റാഗിംഗ് സെൽ വേണം. റാഗിംഗ് പ്രഥമദൃഷ്ട്യാ തെളിഞ്ഞാൽ 24 മണിക്കൂറിനകം പരാതി പൊലീസിന് കൈമാറണം
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ആന്റി റാഗിംഗ് കമ്മിറ്റി, സ്‌ക്വാഡ്, മെന്ററിംഗ് സെൽ, വെൽനസ്ക്ലിനിക്ക്, കൗൺസലിംഗ് സെൽ എന്നിവയുണ്ടാകണം. യൂണിവേഴ്‌സിറ്റിയിലും ആന്റി റാഗിംഗ് മോണിറ്ററിംഗ് സെൽ വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |