SignIn
Kerala Kaumudi Online
Friday, 19 June 2026 8.14 AM IST

യുവാവിനെ സുഹൃത്തുക്കൾ ചതുപ്പിൽ കുഴിച്ചുമൂടി, കാണാതായത് 6 വർഷം മുമ്പ്,​ 2 പേർ അറസ്റ്റിൽ

READ ENGLISH VERSION
1
മരണപ്പെട്ട വിജിൽ


കുറ്റം വെളിച്ചത്താക്കിയത് പുതിയ എസ്.എച്ച്.ഒ

കോഴിക്കോട്: ആറു വർഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കുഴിച്ചു മൂടിയെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. ചുങ്കം വേളാത്തിപ്പടിക്കൽ വിജിൽ (35)നെയാണ് കാണാനില്ലെന്നറിയിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നത്. എലത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ സുഹൃത്തുക്കളിലേക്ക് സംശയം വ്യാപിച്ചെങ്കിലും തുടരന്വേഷണം എങ്ങും എത്തിയിരുന്നില്ല. സ്റ്റേഷനിൽ പുതുതായെത്തിയ എസ്.എച്ച്.ഒ രഞ്ജിത്ത് കെ.ആർ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശം പ്രകാരം കേസ് ഏറ്റെടുത്തതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് വിജിൽ മരിച്ചെന്നും മൃതദേഹം ചതുപ്പിൽ കുഴിച്ചുമൂടിയെന്നും സുഹൃത്തുക്കൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. എരഞ്ഞിപ്പാലം വാഴതിരുത്തി കുളങ്ങരക്കണ്ടിയിൽ നിഖിൽ കെ.കെ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണിവർ. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കൊയിലാണ്ടി ജു‌ഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ മാത്രം ചേർത്താണ് പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മൃതദേഹം കണ്ടെത്താനും തുടരന്വേഷണം നടത്താനും നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു സുഹൃത്തായ പൂവാട്ട് പറമ്പ് സ്വദേശി രഞ്ജിത്തിനെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് എലത്തൂർ എസ്.എച്ച്.ഒ രഞ്ജിത്ത് പറഞ്ഞു.

2019 മാർച്ച് 29 നാണ് വിജിലിനെ കാണാതായത്. 'ഇപ്പോൾ വരാം" എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിജിൽ തിരിച്ചെത്തിയിരുന്നില്ല. വിജിലിന്റെ മരണം കൊലപാതകമല്ലെന്നും ലഹരിയുടെ അമിത ഉപഭോഗം മൂലമുണ്ടായതാണെന്നുമാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴി. സരോവരത്തെ ആളൊഴിഞ്ഞ പറമ്പിൽ ബ്രൗൺ ഷുഗർ ഉപയോഗിക്കുന്നതിനിടെ കൂടിയ അളവിൽ അത് വിജിലിന്റെ ശരീരത്തിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നുവത്രെ. നിഖിലാണ് മയക്കുമരുന്ന് വിജിലിന് കുത്തിവച്ചത്. വിജിൽ മരിച്ചെന്ന് മനസ്സിലാക്കിയ പ്രതികൾ തെളിവ് നശിപ്പിക്കാനായി മൃതദേഹം ചതുപ്പിൽ കല്ലു

കെട്ടി താഴ്ത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി.

വിജിലും പ്രതികളും

ഉറ്റ സുഹൃത്തുക്കൾ

വിജിലും പിടിയിലായ പ്രതികളും ചെറുപ്പം മുതലേ ഉറ്റ സുഹൃത്തുക്കളായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ഫോൺ ടവർ കേന്ദ്രീകരിച്ചുമെല്ലാം നടത്തിയ അന്വേഷണത്തിൽ വിജിൽ സുഹൃത്തുക്കൾക്കൊപ്പം പോയതാണെന്ന് പൊലീസ് കണ്ടെത്തി. ഈ സൂചനകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. യുവാക്കളുടെ മൊഴികളിലെ വെെരുദ്ധ്യവും തുണയായി. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം ഉണ്ടാവും. മരണം സംബന്ധിച്ച വസ്തുത അപ്പോൾമാത്രമേ വ്യക്തമാവു എന്നാണ് പൊലീസ് നൽകുന്ന സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA