
പി.എംശ്രീ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് 2022 സെപ്തംബർ 7നാണ് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയത്. 2027 മാർച്ച് 31വരെയാണ് അത് നിലനിൽക്കുന്നത്. അതായത് പദ്ധതി കാലാവധി അവസാനിക്കാൻ ഇനി വളരെ കുറഞ്ഞ സമയം മാത്രം. നിലവിൽ സമഗ്ര ശിക്ഷാപദ്ധതി (എസ്.എസ്.കെ) വഴി നടപ്പിലാക്കുന്ന പരിപാടികളാണ് പി.എം ശ്രീ സ്കൂളുകളിലും നടപ്പിലാക്കുന്നത്. പദ്ധതിയിൽ ചേരുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പിടേണ്ടതുണ്ട്. തുടർന്ന് രണ്ടുഘട്ടങ്ങളിലായി നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളുകളെ സംസ്ഥാനം കണ്ടെത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ച് അനുമതി ലഭിച്ചശേഷം, സമഗ്ര ശിക്ഷാപദ്ധതി മുഖേന ഫണ്ടിനായുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കണം.
പദ്ധതിയിൽ ചേരാൻ തുടക്കം മുതൽതന്നെ കേന്ദ്രസർക്കാർ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളെ കത്തുകൾ മുഖേനയും റിവ്യൂ മീറ്റിംഗുകൾ വഴിയും സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ, ഈ സംസ്ഥാനങ്ങൾ പദ്ധതിയിൽ പങ്കുചേരേണ്ടതില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ സ്വീകരിച്ചത്. ഇതിന്റെ പ്രതികാരമായി 2023-24മുതൽ ഈ സംസ്ഥാനങ്ങൾക്കുള്ള സമഗ്ര ശിക്ഷാപദ്ധതിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചു. 2024 ജൂലായ് 10ലെ റിവ്യൂ മീറ്റിംഗിലും ധാരണാപത്രത്തിൽ ഒപ്പിടാത്തതിന്റെ പേരിൽ കേരളത്തിന്റെ ഫണ്ട് തടഞ്ഞതായി കേന്ദ്രം വ്യക്തമാക്കി.
എല്ലാ വർഷവും ഓഡിറ്റ് റിപ്പോർട്ടുകളും അപേക്ഷകളും കൃത്യമായി സമർപ്പിച്ചിട്ടും ഫണ്ട് നിഷേധിക്കപ്പെട്ടതോടെ, കഴിഞ്ഞ മൂന്നുവർഷമായി എസ്.എസ്.കെ ജീവനക്കാരുടെ ശമ്പളവും മറ്റ് പ്രവർത്തനങ്ങളും നടത്തിയത് സംസ്ഥാന സർക്കാരാണ്. ഇത്തരത്തിൽ കേന്ദ്രം തടഞ്ഞുവച്ച 1,158 കോടിയുടെ വിഹിതം ലഭ്യമാക്കാൻ വേണ്ടിയാണ് കേരളം ഒടുവിൽ ധാരണാപത്രത്തിൽ ഒപ്പിട്ടത്. പദ്ധതി നടപ്പിലാക്കുവാനുള്ള തുടർനടപടികൾ ഒന്നുംതന്നെ കേരളം സ്വീകരിച്ചില്ല. 2025 ഒക്ടോബർ 23ന് ഒപ്പിട്ട ധാരണാപത്രം നടപ്പിലാക്കില്ലെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനോ, പി.എംശ്രീ സ്കൂളുകൾ ആരംഭിക്കാനോ കേരളത്തിന് താത്പര്യമില്ലെന്ന് 2025 നവംബർ 10ന് മന്ത്രിതലസംഘം കേന്ദ്രത്തെ അറിയിച്ചു. കേരളം ഇതിനകംതന്നെ കൈവരിച്ച അക്കാഡമിക മികവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല, അധികഫണ്ടോ കേരളത്തിന് കൂടുതൽ അക്കാഡമിക നേട്ടങ്ങളോ ഒന്നും സംഭാവന ചെയ്യാൻ കഴിയാത്ത ഈ പദ്ധതിക്കായി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങൾ പണയംവയ്ക്കാൻ സർക്കാർ തയ്യാറുമല്ല.
ഈ സാഹചര്യത്തിൽ, ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ നവംബർ 12നുതന്നെ, അത് നടപ്പിലാക്കുന്നത് നിറുത്തിവയ്ക്കുന്നതായി കേന്ദ്രത്തിന് കേരളം കത്തുനൽകി.
എന്നാൽ, യു.ഡി.എഫ് സർക്കാർ വന്നശേഷം പദ്ധതി നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത് വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. പി.എംശ്രീ നടപ്പിലാക്കില്ലെന്ന് ഉറപ്പു നൽകി അധികാരത്തിലെത്തിയശേഷം ഇപ്പോൾ അതിനു മുതിരുന്നത് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് കീഴടങ്ങലാണ്.
പി.എംശ്രീയുടെ ഭാഗമായാണ് കേരളത്തിന് ഫണ്ട് ലഭിച്ചതെന്ന വാദം തെറ്റാണ്. 2023-24 മുതൽ 2025-26വരെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള പാഠപുസ്തകത്തിന്റെയും യൂണിഫോമിന്റെയും ഫണ്ട് സംസ്ഥാനം ചെലവാക്കുകയുണ്ടായി. ഈ ഇനത്തിൽ 205 കോടിയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. കേരളത്തിന് തിരിച്ചടവായി നൽകേണ്ട ഈ തുക ലഭിച്ചത് സംസ്ഥാനത്തിന്റെ നിരന്തരമായ ഇടപെടലുകൾ കൊണ്ടാണ്. പി.എംശ്രീയുമായി അതിന് ബന്ധമില്ല.
സർക്കാർ പിന്തിരിയണം
ദേശീയ വിദ്യാഭ്യാസ നയം പ്രാവർത്തികമാക്കാനുള്ള പ്രവേശന കവാടമാണ് പി.എംശ്രീ പദ്ധതി. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണവും മതാന്ധതയും ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാൽ പി.എംശ്രീ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |