SignIn
Kerala Kaumudi Online
Friday, 19 June 2026 2.59 AM IST

'സംഘിയെന്ന് ചാപ്പ കുത്താൻ നോക്കേണ്ട'

asok

പിണറായി സർക്കാരിനെ വിമർശിച്ചതിന് സസ്പെൻഷനിലായിരുന്ന ഡോ.ബി.അശോകിനെ യു.ഡി.എഫ് സർക്കാർ തിരിച്ചെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയപ്പോൾ മുതൽ വിവാദങ്ങളുടെ പ്രളയമാണ്. അദ്ദേഹം സംഘിയാണെന്നും സർക്കാരിനും കേന്ദ്രത്തിനുമിടയിലെ പാലമാണെന്നുമൊക്കെയാണ് ആരോപണം. ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റും കാർഷിക സർവകലാശാല വൈസ്ചാൻസലറുമായ ഡോ.ബി.അശോക് 'കേരളകൗമുദി'യോട് സംസാരിക്കുന്നു.

?ഉന്നതവിദ്യാഭ്യാസ വകുപ്പിലേക്ക് ആദ്യമായാണല്ലോ

എട്ടുവർഷം സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ശേഷമാണ് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാവുന്നത്. ചുമതലകൾ നിർഭയമായും നിഷ്പക്ഷതയോടെയും നിർവഹിക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ശൃംഗേരി അന്നപൂർണ്ണ സരസ്വതി ക്ഷേത്രത്തിലും ദർശനം നടത്തി മടങ്ങുമ്പോഴാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിലാണ് നിയമനമെന്ന് അറിഞ്ഞത്. സരസ്വതീദേവിയുടെ അനുഗ്രഹമായി കണ്ട് സ്വീകരിച്ചു. മുപ്പതുവർഷത്തിലധികം അദ്ധ്യാപികയും ഗുരുവുമായിരുന്നു അമ്മ പ്രൊഫ.രാധാമണി. അമ്മയുടെ ശിക്ഷണമില്ലെങ്കിൽ ഈ പദവിയിലൊന്നുമെത്തില്ലായിരുന്നു.

?ഉന്നതവിദ്യാഭ്യാസത്തിൽ എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

സർക്കാരിന്റെ നയപരിപാടി ആവുംവിധം മുന്നോട്ടുകൊണ്ടുപോകും. സർവകലാശാല ഗുണനിലവാരം, പഠനസൗകര്യം, റാങ്കിംഗ്, തൊഴിൽ ആഭിമുഖ്യം എന്നിവയെല്ലാം മെച്ചപ്പെടുത്തലാണ് ലക്ഷ്യം. സർവകലാശാലകളെയും പഠനസ്ഥാപനങ്ങളെയും ശക്തിപ്പെടുത്തലാണ് സർക്കാരിന്റെ മുഖ്യദൗത്യം. നിയന്ത്റിക്കുകയും നശിപ്പിക്കുകയുമല്ല, ഗുണനിലവാരം ഉറപ്പാക്കുകയാണ് പ്രധാനം.

?ചാൻസലറെ മാറ്റാനുള്ള ബില്ലിന് വിയോജിപ്പെഴുതിയ ആളെന്നും വിമർശനമുണ്ട്

ബാലിശമായ വാദങ്ങളാണിവ. ഗവർണറെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കാനുള്ള ബില്ലിൽ വിയോജനക്കുറിപ്പെഴുതിയെന്നതും മന്ത്രിസഭ അതിൽ അസന്തുഷ്ടി രേഖപ്പെടുത്തിയെന്നതും വാസ്തവമാണ്. മന്ത്റിസഭയുടെ മനസിലുള്ളത് മുൻപേ ഊഹിച്ച് അതിനൊപ്പം കുറിപ്പെഴുതുകയല്ല സെക്രട്ടറിമാർ ചെയ്യേണ്ടത്. സ്വന്തം അഭിപ്രായമാണ് ഫയലിലുണ്ടാവേണ്ടത്. ബില്ലിന്റെ ലക്ഷ്യം രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ വി.സിമാരാക്കാനായിരുന്നു. ഇന്ത്യയിൽ മാത്രമല്ല, കോമൺവെൽത്തിലാകെ ഹെഡ് ഒഫ് സ്റ്റേറ്റാണ് ചാൻസലർ. പാർട്ടി അനുയായികളായ സ്വകാര്യവ്യക്തികൾ ചാൻസലർമാരായാൽ സർവകലാശാലകളിൽ അരാജകത്വം സൃഷ്ടിക്കുമായിരുന്നു. കലാമണ്ഡലത്തിൽ സർക്കാർ നിയോഗിച്ച ചാൻസലർക്ക് പ്രതിവർഷം 50ലക്ഷം രൂപയാണ് ചെലവ്. അവിടെ മാസങ്ങളായി ശമ്പളമില്ല. കാർഷിക സർവകലാശാലയിൽ കമ്മ്യൂട്ടേഷൻ പി.എഫ് പെൻഷൻ കുടിശിക 192 കോടിയാണ്. ചാൻസലർ ബിൽ നിയമമായെങ്കിൽ സർവകലാശാലകൾക്ക് 20കോടി അധികചെലവുണ്ടായേനെ. കാര്യകാരണസഹിതം എതിർത്തതിൽ അഭിമാനമാണുള്ളത്. രാഷ്ട്രപതി ബിൽ നിരാകരിച്ചില്ലായിരുന്നെങ്കിൽ മുഴുവൻ വി.സിമാരും അദ്ധ്യാപകരും പാർട്ടിക്കാരാവുമായിരുന്നു.

?ഡോ.അശോക് സംഘപരിവാർ പക്ഷപാതിയാണെന്ന ആക്ഷേപത്തെക്കുറിച്ച്

ഞാൻ ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്രാരാധന ചെയ്യുന്നയാളാണ്. അതിലൂടെ വ്യക്തിഗത സന്തുഷ്ടിയും മന:സമാധാനവും അറിവും കിട്ടുന്നു. വിശ്വാസം മനുഷ്യനെ മെച്ചപ്പെടുത്തുമെന്ന് കരുതുന്നയാളാണ്. അതേസമയം, രാഷ്ട്രീയക്കാരെയും കാണും, ഓടിയൊളിക്കില്ല. അങ്ങനെയല്ലെങ്കിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്റിയെ ചെന്നുകാണാനാവില്ലല്ലോ. എന്നാൽ സംഘപരിവാറിനല്ല കേരളത്തിന്റെ ജനതയുടെ മാൻഡേ​റ്റെന്നത് മറക്കരുത്. മാൻഡേ​റ്റുള്ള സർക്കാരിനെ ദുർബലമാക്കുന്നത് ചെയ്യില്ല. അന്യമതസ്ഥന്റെ വിശ്വാസത്തെ ബഹുമാനിക്കുന്നതുപോലെ സ്വമതത്തെ ബഹുമാനിക്കുന്നു. ഒരാളുടെയും അജൻഡ പരിശോധിക്കാതെ വിഴുങ്ങില്ല. മനുഷ്യനിർമ്മിതമായതിനാൽ എല്ലാമതത്തിലും നന്മയുണ്ടാകും, ചില്ലറ പിശകും കാണും. നമ്മുടെ ഒരു ലിബറൽ ജഡ്ജമെന്റ് ഇതിൽ പ്രധാനമാണ്.

?അപ്പോൾ സംഘപരിവാറുമായി ബന്ധമില്ലെന്നാണോ

ഞാൻ സംഘപരിവാറുകാരനാണ് എന്നതിന് അടിസ്ഥാനമായി എന്താണ് പറയുന്നത്? ബീഫ് ക്രമംവിട്ടു കഴിച്ചാൽ അപകടകരമാണ്. ക്യാൻസറും ഹൃദ്റോഗവും സൃഷ്ടിക്കുമെന്ന് 'ലാൻസെ​റ്റ്' പോലും ഉറപ്പിക്കുന്ന ഒരു മെഡിക്കൽ നിരീക്ഷണമാണ്. ഞാൻ ബീഫ് വിരോധിയല്ല. അപൂർവമായി കഴിക്കാറുണ്ട്. ബീഫിലെ അപകടം പറഞ്ഞാലുടൻ സംഘപരിവാറുകാരനാക്കേണ്ടതില്ല. ചിലർ കരുതുന്നതുപോലെ ബീഫ് ധാരാളം കഴിച്ചാൽ മതേതരനുമാവില്ല. ഇതൊക്കെ സാധുക്കളെ പ​റ്റിക്കാനുള്ള തന്ത്രങ്ങളാണ്. ആഗോള അയ്യപ്പ സംഗമത്തിൽ മറ്രൊരു സംസ്ഥാന മുഖ്യമന്ത്റിയുടെ (ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ) സന്ദേശം വായിച്ച് പുളകം കൊണ്ടത് ഞാനല്ല. അത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനായിരുന്നു എന്നും ആരോപിക്കുന്നില്ല. തിരഞ്ഞെടുപ്പ് സ്വാധീനിക്കാനാണ് തൃശൂർപൂരം അലങ്കോലമാക്കിയതെന്നും ആരോപിക്കുന്നില്ല. മലപ്പുറത്ത് വൻതോതിൽ നിയമലംഘനം നടക്കുന്നെന്ന് ദേശീയപത്രത്തോട് അഭിമുഖത്തിൽ പറയാതെ പിന്നീട് കൂട്ടിച്ചേർത്തതും ഞാനല്ല. ഇതൊന്നും സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ ചെയ്തതല്ലെങ്കിൽ, ഗവൺമെന്റ് സെക്രട്ടറി നിർദ്ദിഷ്ട നിയമത്തിന്റെ ന്യൂനത ഫയലിൽ ചൂണ്ടിക്കാട്ടിയതും മീ​റ്റ് ടെക്‌നോളജി പാഠ്യവിഷയമായ വെ​റ്ററിനറി സർവകലാശാലയുടെ വി.സി സ്ഥാനത്തിരുന്ന് ബീഫ് സ്ഥിരമായ ഉപയോഗത്തിന് നല്ലതല്ല എന്ന സത്യം കുറിച്ചതുമാണോ 'സംഘപരിവാർ' ആഭിമുഖ്യം? കേന്ദ്ര ഏജൻസികളിൽ നിന്നടക്കം എന്തു നേട്ടമാണ് ഞാൻ സംഘപരിവാറിൽനിന്ന് സ്വീകരിച്ചിട്ടുള്ളത്? എനിക്ക് എന്തു പദവിയാണ് അവർ നൽകിയത് എന്നു പറഞ്ഞാൽ വ്യക്തത വരുമല്ലോ? ഇതൊക്കെ സ്വീകരിക്കുന്നവർ മ​റ്റുള്ളവരെ ചാപ്പ കുത്താൻ ശ്രമിക്കുമ്പോഴാണ് സഹതാപം തോന്നുന്നത്.

?വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പോകുന്നത് ശരിയാണോ

എനിക്ക് സംഘപരിവാറിനോട് ചായ്‌വോ ആശയ പ്രതിപത്തിയോ ഇല്ല. വി.സിമാർ രാഷ്ട്രീയച്ചുവയുള്ള പരിപാടികളിൽ പങ്കെടുക്കാതിരിക്കുകയാണ് നല്ലത്.അപ്രകാരം കാര്യകാരണസഹിതം അവരെ ഉപദേശിക്കുന്നത് നന്നായിരിക്കും. ഇതുപറയുമ്പോൾ കമ്മ്യൂണിസ്​റ്റ് പാർട്ടി അംഗത്വത്തോടെ വി.സിമാരായും പ്രൊഫസർമാരായും പ്രവർത്തിച്ചവർ കേരളത്തിലുണ്ടെന്നത് മറക്കരുത്. പാർട്ടി അവരെ പിന്നീട് പുറത്താക്കിയപ്പോഴാണ് അംഗത്വ വിവരംപോലും നമ്മളറിഞ്ഞത്. ഇതിലൊരു മാനദണ്ഡം നല്ലതാണ്. നമ്മൾ പങ്കെടുക്കുന്ന സമ്മേളനം കാണുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നമ്മുടെ നീതിപൂർവകമായ പ്രവർത്തനത്തിൽ ശങ്കയുണ്ടാവരുത്. പദവിയുമായി പൊരുത്തക്കുറവുള്ളിടത്ത് പോകാതിരിക്കുന്നതാണ് നല്ലത്. വി.സിമാരും സർവകലാശാലാ ഉദ്യോഗസ്ഥരും സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൂടാ. അവർക്ക് രാഷ്ട്രീയ വിശ്വാസവും സ്വന്തം അഭിരുചിയും സ്വകാര്യമായി ആവാം. എന്നാലത് പരസ്യപ്പെടുത്തേണ്ടതില്ല. കമ്മ്യൂണിസ്​റ്റ് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാം, മ​റ്റുള്ളയിടത്ത് പോകരുത് എന്നുപറഞ്ഞാൽ ആശയക്കുഴപ്പമാവും.

?ഗവർണറുമായും കേന്ദ്രവുമായും ഇടപെടൽ എങ്ങനെയാവും

ദൈനംദിനം ചാൻസലറും കേന്ദ്രസർക്കാരുമായും ഇടപെടൽ ആവശ്യമുള്ള വകുപ്പാണിത്. വി.സി നിയമനം, സ്വകാര്യ സർവകലാശാല ബിൽ എന്നിവയിലടക്കം ഇടപെടേണ്ടതാണ്. വി.സി നിയമനങ്ങളെച്ചൊല്ലിയുള്ള കേസുകളുടെ സ്ഥിതിയും രാഷ്ട്രീയ, നിയമവശവുമെല്ലാം പുതിയ മന്ത്റിസഭയെ ധരിപ്പിക്കാനേ കഴിയൂ. സർവകലാശാലാ നിയമങ്ങളിലെല്ലാം കാലോചിതമായ മാ​റ്റങ്ങളും ഏകീകരണവും വേണ്ടതാണ്. മുൻസർക്കാർ മൂന്ന് കമ്മിഷനുകളെ നിയോഗിച്ച് ഇതെല്ലാം പഠിച്ച് റിപ്പോർട്ടാക്കിയിരുന്നു. പിന്നീട് ഫോക്കസ് നഷ്ടമായി. ഒന്നും ചെയ്യാനായില്ല. നല്ല നിർദ്ദേശങ്ങൾ യു.ഡി.എഫിന്റെ വിദ്യാഭ്യാസ കമ്മിഷൻ ശുപാർശകളോടൊപ്പം പരിശോധിക്കുന്നതിൽ തെ​റ്റില്ല. നല്ലത് ആരു നൽകിയാലും സ്വീകരിക്കുന്നത് നല്ലതാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണ്ടിടത്ത് ഉദാരതയും വിട്ടുവീഴ്ച പാടില്ലാത്തിടത്ത് കാർക്കശ്യവും പുലർത്തിയാൽ പല പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA