
തൃശൂർ: വിയ്യൂർ ജയിലിന് സമീപത്തുനിന്ന് കൈവിലങ്ങുമായി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. കോലഴി സ്വദേശി ആഷിക് (22) ആണ് പിടിയിലായത്. സിറ്റി പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ കൺട്രോൾ റൂം പൊലീസ് സംഘമാണ് റോഡിലൂടെ നടന്നുവരികയായിരുന്ന പ്രതിയെ പിടികൂടിയത്. അടിപിടിക്കേസിൽ തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത ആഷിക്കിനെ കോടതി റിമാൻഡ് ചെയ്തിരുന്നു.തുടർന്ന് ആഷിക്കിനെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ ജയിലിനു മുന്നിൽ വച്ച് പൊലീസ് വാഹനത്തിൽ നിന്നും കൈവിലങ്ങുമായി ഇറങ്ങി ഓടുകയായിരുന്നു.ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പുറകെ ഓടിയെങ്കിലും പിടികൂടാനായില്ല.പിന്നീട് കൈവിലങ്ങ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതിയെ തുടർനടപടികൾക്കായി വിയ്യൂർ പൊലീസിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |