SignIn
Kerala Kaumudi Online
Sunday, 18 October 2026 1.38 AM IST

ദേവഗീതം നിലച്ചു,​ സംഗീത സംവിധായകൻ ദേവ അന്തരിച്ചു

x

ചെന്നൈ: മോഹന ഈണങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമാ പ്രേക്ഷകരെ കീഴടക്കിയ സംഗീത സംവിധായകൻ ദേവ (75) അന്തരിച്ചു. ഇന്നലെ പുലർച്ചെ ടി.നഗറിലെ വസതിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30ന് അന്ത്യം സംഭവിച്ചു. 'തേനിസൈ തെൻട്രൽ" എന്നാണ് തമിഴകത്ത് അറിയപ്പെട്ടിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നിന് റാണിപേട്ട് ആർക്കോട് ശ്മശാനത്തിലാണ് സംസ്കാരം.

വസതിയിൽ അന്തിമോപചാരമർപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മുൻമുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, രജനികാന്ത്, കമലഹാസൻ, സത്യരാജ്, ഖുശ്ബു തുടങ്ങിയവർ എത്തി.

1950 നവംബർ 20നായിരുന്നു ദേവയുടെ ജനനം. ദേവനേശൻ ചൊക്കലിംഗമെന്നാണ് യഥാർത്ഥ പേര്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു ആ സംഗീത ജീവിതം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്ക് ഈണം പകർന്നു.

അടിപൊളിയും മെലഡിയും ഒരുപോലെ ദേവയ്ക്ക് വഴങ്ങി. ബാഷ, അണ്ണാമലൈ, ആസൈ, കാതൽ കോട്ടൈ, നേർക്കു നേർ, നിനൈത്തേൻ വന്തായി, വാലി, ഖുഷി തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ഇന്നും ആവേശമാണ്. മലയാളത്തിൽ ദ പ്രിൻസ്, കിംഗ് സോളമൻ, ഫാന്റം എന്നീ ചിത്രങ്ങൾക്ക് ഈണമൊരുക്കി. പത്തോളം തമിഴ് സിനിമകളിൽ വേഷമിട്ടു. തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി" പുരസ്കാരം ഉൾപ്പെടെ നേടി. വിജയ ആണ് ഭാര്യ. മക്കൾ: സംഗീത, പ്രദ, ശ്രീകാന്ത് ദേവ (സംഗീത സംവിധായകൻ). പിന്നണിഗായിക ഫെബിമണി മരുമകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA