SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.37 PM IST

കരുവന്നൂർ കേസിൽ ഇ.ഡി: കണ്ടുകെട്ടിയ 108 കോടി നിക്ഷേപകർക്ക് നൽകാം

d

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസ് പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തും പണവും തട്ടിപ്പിനിരയായ നിക്ഷേപകർക്ക് തിരിച്ചുനൽകാമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. 54 പ്രതികളിൽ നിന്ന് 108 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

തനിക്ക് നഷ്‌ടമായ പണം കണ്ടുകെട്ടിയതിൽ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാദേവൻ എന്ന നിക്ഷേപകൻ കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഇന്നലെ ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പണം നൽകാൻ തടസമില്ലെന്ന് അറിയിച്ചത്. മഹാദേവന് 33,27,500 രൂപയുടെ നിക്ഷേപം കരുവന്നൂർ ബാങ്കിലുണ്ട്.

വ്യാജരേഖകൾ ചമച്ചും അനധികൃതമായും പ്രതികൾ ഗൂഢാലോചന നടത്തി 300 കോടിയുടെ തട്ടിപ്പ് കരുവന്നൂർ ബാങ്കിൽ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത കോടികൾ റിയൽ എസ്റ്റേറ്റ്, ബിസിനസ് മേഖലകളിൽ മുതൽമുടക്കിയെന്ന് ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

വഞ്ചിതരായവർക്ക്

തുണയായി നിയമം

1.കള്ളപ്പണക്കേസുകളിൽ അന്വേഷണത്തിനിടെ കണ്ടുകെട്ടുന്ന സ്വത്തും നിക്ഷേപങ്ങളും തട്ടിപ്പിൽ നഷ്‌ടം സംഭവിച്ചവർക്ക് നൽകാൻ പുതിയ നിയമഭേദഗതി പ്രകാരം കഴിയും. കേസിന്റെ വിചാരണ ഘട്ടത്തിൽപ്പോലും ഇതിനായി നടപടി സ്വീകരിക്കാൻ പി.എം.എൽ.എ കോടതിക്ക് അധികാരമുണ്ട്.പ്രതികളുടെ അപ്പീലുകൾ ഡൽഹിയിലെ അപ്പലേറ്റ് അതോറിറ്റി തള്ളിയാൽ കണ്ടുകെട്ടൽ സ്ഥിരമാക്കും. ഇതുവരെ അപ്പീൽ ആരും സമർപ്പിച്ചതായി അറിവില്ല.

2. ലേല നടപടികൾ എങ്ങനെ വേണമെന്ന് പി.എം.എൽ.എകോടതിക്ക് തീരുമാനിക്കാം. സഹ.നിയമപ്രകാരം ബാങ്കിന്റെ പേരിൽ ആധാരമെഴുതുകയും അവർ ലേലം നടത്തുകയും ചെയ്യുന്നത് ഇവിടെ ബാധകമാക്കാൻ സാദ്ധ്യതയില്ല. കാരണം, ബാങ്ക്തന്നെയാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്.ബാങ്ക് സ്വന്തം നിലയിൽ ജപ്തി ചെയ്ത വസ്തുക്കൾപോലും അവർ രജിസ്ട്രഷൻ നടത്തി കൈവശമാക്കിയിട്ടില്ല.

3. നിക്ഷേപകർക്ക് കിട്ടാനുള്ളത് മൂന്നൂറ് കോടിയാണ്. ഇ.ഡിയുടെ കൈവശമുള്ളത് 108 കോടിയുടെ സ്വത്താണ്. കോടതി ആർബിറ്റേറ്ററെ നിയോഗിക്കുകയും അദ്ദേഹം മൂല്യനിർണയം നടത്തുകയും പണം കിട്ടേണ്ടവരുടെ മുൻഗണനാ ക്രമം നിശ്ചയിക്കുകയുംചെയ്തശേഷം ഹൈക്കോടതിയുടെ അംഗീകാരം തേടുന്നതാണ് പോംവഴി. ഹൈക്കോടതിയുടെ മാർഗനിർദേശം പാലിച്ച് ലേല നടപടികളിലൂടെ തുക സമാഹരിച്ച് വിതരണം ചെയ്യാൻ കഴിഞ്ഞേക്കും.

4. അതേസമയം, കരുവന്നൂർ കേസിൽ ക്രൈംബ്രാഞ്ച് ജപ്തി ചെയ്ത രണ്ട് വാഹനങ്ങൾ ലേലം ചെയ്ത് കിട്ടിയ 7.10 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. ഈ തുക കിട്ടാൻ കരുവന്നൂർ ബാങ്ക് കോടതിയിൽ അപേക്ഷ നൽകും.

`കരുവന്നൂർ സഹ.ബാങ്കിലെ തട്ടിപ്പുകാരിൽ നിന്ന് ഇ.ഡി കണ്ടുകെട്ടിയ തുക നിയമനടപടി പൂർത്തിയാക്കി നിക്ഷേപകർക്ക്തിരിച്ചുനൽകാനുള്ള ശ്രമത്തിലാണ്. വഞ്ചിതരായവർക്ക് പണം കൊടുക്കുന്നതിന് ഏതറ്റം വരെയും പോകും.'

-നരേന്ദ്രമോദി,

പ്രധാനമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KARUVANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA