
കൊച്ചി: മൂന്ന് സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 70.82 കോടി രൂപയുടെ തട്ടിപ്പ്. 2.06 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു. ആവശ്യമായ ഈടില്ലാതെയും വ്യാജരേഖകളും ഉപയോഗിച്ചും ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും തട്ടിപ്പുകാർക്ക് ഒത്താശ നൽകിയതിന്റെ രേഖകൾ പിടിച്ചെടുത്തു.
സഹകരണ മേഖലയിലെ തട്ടിപ്പുകൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകളുടെ ഭാഗമായാണ് കേരളത്തിലെ അന്വേഷണം. കേരളത്തിലെ 27 ബാങ്കുകളിൽ നടന്ന 550 കോടിയുടെ തട്ടിപ്പുകളിൽ ഇ.ഡി അന്വേഷണം തുടരുകയാണ്.
എറണാകുളം അങ്കമാലി അർബൻ ബാങ്ക്
159 വായ്പകളിലായി 33.82 കോടിയുടെ ക്രമക്കേട് കണ്ടെത്തി. 1.82 കോടിയുടെ സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചു. 65 അംഗങ്ങൾക്ക് 422 വായ്‌പകളിലായി 108 വസ്തുക്കളുടെ ഈടിൽ 96.74 കോടി രൂപ ചട്ടവിരുദ്ധമായി അനുവദിച്ചത് കണ്ടെത്തി.
38 ഭൂസ്വത്തുക്കളുടെ രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, തെളിവുരേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. വായ്‌പ നേടിയ റോയ് കുര്യൻ, കുര്യൻ ജോസഫ്, ഷിബു എന്നിവരുടേതുൾപ്പെടെ അഞ്ച് സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
മലപ്പുറം തെന്നല ബാങ്ക്
10 കോടിയുടെ ക്രമക്കേട് കണ്ടെത്തി. 20 സ്ഥിര നിക്ഷേപങ്ങളിലെ 24.50 ലക്ഷം രൂപ മരവിപ്പിച്ചു. മുൻ സെക്രട്ടറി കെ.എ. വാസുദേവൻ മൂസത്, ഭാര്യ രജനി എന്നിവരുടേതാണ് മരവിപ്പിച്ച നിക്ഷേപം.
മുൻ പ്രസിഡന്റുമാരായ എം.പി കുഞ്ഞിമൊയ്‌തീൻ, യു.കെ. സൈതലവി, കെ.എ. വാസുദേവൻ മൂസത്, മുൻ ഡയറക്‌ടർമാരായ അലി ഹുസൈൻ, വി.പി. രവീന്ദ്രനാഥ്, പി. സജിത എന്നിവരുടേത് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്‌ത ഉയർന്ന പലിശ നൽകാതെ വഞ്ചിച്ചു. ബോർഡ് അംഗങ്ങളുടെയും സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെ പേരുകളിൽ വ്യാജവായ്‌പകൾ നൽകി. പരിധിക്കപ്പുറവും നിയമപരമായ രേഖകളില്ലാതെയും കാർഷിക വായ്‌പകൾ വ്യാപകമായി നൽകി. കുടിശികക്കാർക്കും വായ്‌പകൾ നൽകി.
തൃശൂർ കുട്ടനല്ലൂർ ബാങ്ക്
27 കോടിയുടെ ക്രമക്കേട് കണ്ടെത്തി. സ്ഥലയുടമകൾ അറിയാതെ ആധാരപ്പകർപ്പ് ഉപയോഗിച്ച് മറ്റുള്ളവർക്ക് വായ്‌പകൾ അനുവദിച്ചു. വ്യാജ മൂല്യനിർണയ രേഖകൾ, ജീവിച്ചിരുക്കുന്നവർ മരിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ്, മറ്റ് വ്യാജരേഖകൾ എന്നിവ വായ്‌പാ തട്ടിപ്പിന് ഉപയോഗിച്ചു. ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുള്ളവരെയും അംഗങ്ങളാക്കി ബാങ്ക് ഡയറക്‌ടർമാരുടെ ഒത്താശയോടെ വായ്‌പകൾ നൽകി.
മുൻപ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ ഉൾപ്പെടെ അഞ്ചു സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |