SignIn
Kerala Kaumudi Online
Monday, 05 October 2026 1.45 PM IST

കൂടുതൽ കരുത്ത് നേടി ഷിൻഡെ; രാഹുൽ നർവേക്കർ സ്പീക്കർ

a

 മഹാരാഷ്ട്ര വിശ്വാസ വോട്ട് ഇന്ന്

ന്യൂഡൽഹി: ആദ്യപരീക്ഷണം അതിജീവിച്ച് മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ സർക്കാർ കൂടുതൽ കരുത്ത് നേടി. ഇന്നലെ നടന്ന നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണമുന്നണിയുടെ സ്ഥാനാർത്ഥിയായ ബി.ജെ.പിയുടെ രാഹുൽ നർവേക്കർ വിജയിച്ചു. 144 വോട്ട് വേണ്ടിടത്ത് ബി.ജെ.പി-ഷിൻഡെ വിഭാഗത്തിന് 164 വോട്ടുകൾ ലഭിച്ചപ്പോൾ മഹാ വികാസ് അഘാഡി സഖ്യത്തിന് ലഭിച്ചത് 107 വോട്ടുകൾ. എം.വി.എ സഖ്യമാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. ഇതോടെ മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായി 45 കാരനായ രാഹുൽ. ശിവസേനയുടെ രാജൻ സാൽവിയെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. എം.എൻ.എസ്, ബഹുജൻ വികാസ് അഘാഡി എന്നിവരുടെ വോട്ടും രാഹുൽ നർവേർക്കർക്ക് ലഭിച്ചു. ഈ രണ്ട് പാർട്ടികളും എൻ.ഡി.എയുടെ ഭാഗമല്ല.

ശിവസേനയിൽ നിന്ന് എൻ.സി.പിയിലേക്കും അവിടെ നിന്ന് ബി.ജെ.പിയിലുമെത്തിയ നേതാവാണ് രാഹുൽ നർവേക്കർ. കൊളാബ മണ്ഡലത്തിലെ തന്റെ കന്നിയങ്കത്തിൽ വിജയിച്ച് നിയമസഭയിലെത്തി രണ്ടര വർഷം പിന്നിടുമ്പോൾ രാഹുൽ സ്പീക്കറായി.

കാവി തലപ്പാവണിഞ്ഞാണ് ഏക്‌നാഥ് ഷിൻഡെ വിഭാഗം എം.എൽ.എമാർ സഭയിലെത്തിയത്. രാഹുൽ നർവേക്കർ വിജയിച്ചതായി പ്രഖ്യാപിച്ചപ്പോൾ നിയമസഭാ ഹാൾ ജയ് ഭവാനി, ജയ് ശ്രീറാം വിളികളാൽ മുഖരിതമായി. ഷിൻഡെ വിഭാഗത്തിലെ എം.എൽ.എയായ യാമിനി ജാദവ് വോട്ട് രേഖപ്പെടുത്താൻ എഴുന്നേറ്റപ്പോൾ എം.വി.എയുടെ എം.എൽ.എമാർ ഇ.ഡി... ഇ.ഡി... എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ യാമിനിയുടെ ഭർത്താവ് ജാദവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതായിരുന്നു കാരണം. സി.പി.എമ്മിന്റെ എം.എൽ.എ വിനോദ് നിക്കോളെ ശിവസേന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ഉദ്ധവ് താക്കറെ സർക്കാർ അവസാന ദിനങ്ങളിൽ രണ്ട് സ്ഥലങ്ങളുടെ പേര് മാറ്റിയതിലുള്ള പ്രതിഷേധം മൂലം രണ്ട് സമാജ് വാദി പാർട്ടി എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. സ്പീക്കർ തിരഞ്ഞെടുപ്പിന് ഇരുവിഭാഗവും വിപ്പ് നൽകിയിരുന്നു.

ഒന്നര വർഷത്തിന്

ശേഷം സ്പീക്കർ

മഹാരാഷ്ട്ര നിയമസഭയ്ക്ക് ഒന്നരവർഷത്തിന് ശേഷമാണ് സ്പീക്കറെ ലഭിക്കുന്നത്. കോൺഗ്രസിലെ നാനാ പടോലെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്തപ്പോൾ സ്പീക്കർ സ്ഥാനം രാജിവച്ചതിന് ശേഷം സ്പീക്കർ സ്ഥാനം കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന് ആയിരുന്നു ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EKNADH SHINDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA