
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ കൂടുതൽ ഹ്രസ്വകാല കരാറുകൾക്ക് ടെണ്ടർ ക്ഷണിച്ച് കെ.എസ്.ഇ.ബി. ഡിസംബർ വരെ 300 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വിവിധ സമയങ്ങളിലായി വാങ്ങാനാണ് നീക്കം. മഴ ലഭിച്ചെല്ലങ്കിൽ നിലവിലെ വൈദ്യുതി ക്ഷാമം വരും മാസങ്ങളിലും തുടരാനിടയുള്ളത് മുന്നിൽക്കണ്ടാണിത്.
വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുമായി കൂടുതൽ വൈദ്യുതിക്കായി ചർച്ചകൾ കെ.എസ്.ഇ.ബി ചർച്ച നടത്തുന്നു. ഡൽഹിയിൽ
നിന്ന് 200 മെഗാവാട്ട് ലഭിക്കാനുള്ള സാദ്ധ്യത തെളിഞ്ഞിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഇടപെടലിനെത്തുടർന്ന് ഹിമാചൽ പ്രദേശിൽ
നിന്ന് 250 മെഗാവാട്ട് കിട്ടുമെന്ന് ഉറപ്പായി.. നിലവിൽ തമിഴ്‌നാടിന് നൽകുന്ന വിഹിതത്തിൽ കുറവ് വരുത്തിയാണ് കേരളത്തിന് നൽകുക. കേന്ദ്രം അധികമായി അനുവദിച്ച 150 മെഗാവാട്ട് ഇന്നലെ മുതൽ കിട്ടിത്തുടങ്ങി. അതേസമയം മദ്ധ്യപ്രദേശിൽ നിന്ന് സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നലെയും ലഭിച്ചില്ല.
ഉയർന്ന വിലയ്ക്ക് വൈദ്യുതി:
മന്ത്രിസഭ ചർച്ച ചെയ്യും
പ്രതിസന്ധി മറി കടക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതടക്കമുള്ള വിഷയങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന സൂചന കഴിഞ്ഞ ദിവസം മന്ത്രി സണ്ണി ജോസഫ് നൽകിയിരുന്നു. കട്ട് പൂർണ്ണമായും ഒഴിവാക്കണമെങ്കിൽ 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ്. ഇത് കെ.എസ്.ഇ.ബിയുടെ ബാദ്ധ്യത കൂട്ടും. ഈ നഷ്ടം ഉപഭോക്താക്കളിലേക്ക് എത്തുന്നത് വലിയ ജനരോഷത്തിനും കാരണമാകും. ഇതെങ്ങനെ നേരിടാമെന്നാണ് സർക്കാർ പരിശോധിക്കുന്നത്.
ഹിമാചലിൽ നിന്ന്
250 മെഗാവാട്ട് വൈദ്യുതി
ന്യൂഡൽഹി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് വൈദ്യുതി നൽകും. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയുടെ ഇടപെടലിനെ തുടർന്നാണ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ വൈദ്യുതി നൽകുമെന്ന് കെ.സി.വേണുഗോപാലിനെ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു അറിയിച്ചു.
വൈദ്യുതി കരാറുകൾ
പുന: സ്ഥാപിക്കാൻ കേരളം
സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മൂന്ന് കമ്പനികളുമായി ഒപ്പിട്ട ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് നീക്കം.
കുറഞ്ഞ നിരക്കിലുള്ള വൈദ്യതി ലഭിക്കാത്ത സാഹചര്യം വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. 12570 കോടിയുടെ നഷ്ടം ഇതുവരെയുണ്ടായി. 2024-25 കാലത്ത് മാത്രം നഷ്ടം 748.20 കോടിയാണെന്നും സർക്കാരിന്റെ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. 2014ലാണ് ജാബുവ പവർ, ജിൻഡാൽ പവർ, ജിൻഡാൽ ഇന്ത്യ തെർമൽ പവർ കമ്പനികളുമായി സർക്കാർ കരാറിലൊപ്പിട്ടത്. എന്നാൽ പിന്നീടിത് കോടതി കയറി. കരാർ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കമ്പനികൾ സമർപ്പിച്ച ഹർജിയിൽ അപ്പലേറ്ര് ട്രൈബ്യൂണൽ അവർക്ക് അനുകൂലമായി വിധിച്ചിരുന്നു. കരാറുകൾ റദ്ദായതോടെ സംസ്ഥാന സർക്കാർ സുപ്രീകോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നെങ്കിലും അനക്കമില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ അഭിഭാഷകൻ മർസൂക് ബാഫഖി തങ്ങൾ മുഖേനയുള്ള അടിയന്തര നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |