
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ആസ്ഥാനത്തെ കമ്പ്യൂട്ടറിൽ നിന്ന് രഹസ്യരേഖകൾ ചോർന്ന കേസിൽ, പൊലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സിസ്റ്റംസ്, പ്രോജക്ട് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ചോർന്ന രേഖകൾ പ്രചരിച്ച 'യൂണിഫൈഡ് കൊച്ചി മെട്രോ റെയിൽ റീഫോം ആൻഡ് ഡെവലപ്‌മെന്റ് ഫോറം" എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമായ ജീവനക്കാരനിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. ഇന്നലെ രാവിലെ കലൂരിലെ കെ.എം.ആർ.എൽ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പൊലീസ് ആദ്യഘട്ട നടപടികൾ പൂർത്തിയാക്കിയത്.
കോർപ്പറേറ്റ് ഓഫീസിൽ ഐ.ടി വിഭാഗത്തിലെ ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പരിശോധിച്ചു. ഒരു ജീവനക്കാരൻ മൊഴി നൽകാൻ വിസമ്മതിച്ചതായും സൂചനയുണ്ട്. രേഖകൾ ചോർന്നതിൽ ഉദ്യോഗസ്ഥരെയും സംശിക്കുന്നതായി കഴിഞ്ഞദിവസം കെ.എം.ആർ.എൽ എം.ഡിയും ജില്ലാ കളക്ടറുമായ ജി.പ്രിയങ്ക വ്യക്തമാക്കിയിരുന്നു. വിവാദമായ വാട്‌സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചും ഇതിന്റെ അഡ്മിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |