
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ 22ന് ആരംഭിച്ച് ആറ് മാസത്തിനകം പൂർത്തിയാക്കാൻ എറണാകുളം ചോറ്റാനിക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയോട് ജസ്റ്റിസ് സി.എസ്. ഡയസ് നിർദ്ദേശിച്ചു.
റോജിക്കും സഹോദരന്മാർക്കുമെതിരെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ രജിസ്റ്റർ ചെയ്ത വന നിയമ ലംഘനക്കേസിലെ അന്തിമ കുറ്റപത്രം 18നകം സമർപ്പിക്കാനും നിർദ്ദേശിച്ചു.
മേപ്പാടി റേഞ്ച് ഓഫീസർ രജിസ്റ്റർ ചെയ്ത കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ വിചാരണ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.ഹർജിക്കാരൻ സമാനമായ 37 കേസുകളിൽ പ്രതിയാണെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി രേഖപ്പെടുത്തി.
മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ചു കടത്തിയ മരം, മതിയായ രേഖകളുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം കരിമുകളിലെ മലബാർ ടിംബർ ഇൻഡസ്ട്രീസ് മാനേജിംഗ് പാർട്ണർക്കു നൽകി 1.40 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. മരം വനം വകുപ്പ് പിന്നീട് കണ്ടുകെട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |